ഇന്ന് ദേശീയ യുവദിനം. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ഇന്ന്. വിവേകാനന്ദന്റെ തത്ത്വചിന്തകളാലും ആദര്‍ശങ്ങളാലും യുവാക്കളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ യുവദിനം ആചരിക്കുന്നത്.
1984-ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വാമി വിവേകാനന്ദ ജന്മദിനമായ ജനുവരി 12 ഔദ്യോഗികമായി ദേശീയ യുവജന ദിനമായി പ്രഖ്യാപിച്ചത്. 1985 മുതല്‍ രാജ്യത്തുടനീളം ദേശീയ യുവജന ദിനമായി ഈ ദിനം ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. സ്വാമി വിവേകാനന്ദന്റെ ചിന്തകളും തത്വങ്ങളും ഇന്ത്യയിലെ യുവജനങ്ങള്‍ക്കിടയില്‍ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷം നടത്തുന്നത്.
സ്വാമി വിവേകാനന്ദന്‍ വിശ്വസിച്ചത് ഒരു രാഷ്ട്രത്തിന്റെ പുരോഗതിയുടെയും അഭിവൃദ്ധിയുടെയും താക്കോല്‍ യുവാക്കളാണെന്നാണ്. 1863 ജനുവരി 12 ന് കൊല്‍ക്കത്തയിലെ ഒരു സമ്പന്ന കുടുംബത്തില്‍ വിശ്വനാഥ് ദത്തയുടേയും ഭുവനേശ്വരി ദേവിയുടേയും മകനായിട്ടാണ് നരേന്ദ്ര നാഥ് ദത്ത എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്വാമി വിവേകാനന്ദന്‍ ജനിച്ചത്. കല്‍ക്കട്ട സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയപ്പോഴേക്കും അദ്ദേഹം വിവിധ വിഷയങ്ങളില്‍, പ്രത്യേകിച്ച് പാശ്ചാത്യ തത്ത്വചിന്തയിലും ചരിത്രത്തിലും വിപുലമായ അറിവ് നേടിയിരുന്നു.
യൗവ്വനത്തില്‍ ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യത്വം സ്വീകരിച്ചു. ഇന്ത്യയിലുടനീളമുള്ള തന്റെ യാത്രകളില്‍ സ്വാമി വിവേകാനന്ദന്‍ ജനങ്ങളുടെ ദാരിദ്ര്യവും പിന്നോക്കാവസ്ഥയും കണ്ട് വികാരാധീനനനായി. രാജ്യത്തെയുവാക്കളില്‍ പരസ്പരം ത്യാഗത്തിന്റെയും സഹോദരസ്നേഹത്തിന്റെയും മനോഭാവം വളര്‍ത്തേണ്ടത് രാജ്യത്തിന്റെ വളര്‍ച്ചക്ക് തന്നെ അത്യന്താപേക്ഷിതമാണെന്് അദ്ദേഹം മനസിലാക്കി. യുവാക്കളോട് സ്വപ്‌നം കാണാനും യുവത്വത്തിന്റെ ഊര്‍ജവും ശക്തിയും കൊണ്ട് പരിശ്രമം ചെയ്ത് വിജയം നേടണമെന്നും വിവേകാനന്ദന്‍ ആഹ്വാനം ചെയ്തു. വിദ്യാഭ്യാസം, ആത്മവിശ്വാസം, യുവാക്കളുടെ ആത്മീയ വികസനം എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. യുവാക്കളില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനവും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും പകരം വെക്കാന്‍ ഇല്ലാത്തതാണ്.