ഇന്ന് വിക്കിപീഡിയ ദിനം. ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ നിലവില്‍ വന്നിട്ട് ഇരുപത്തിനാലാണ്ട് പിന്നിടുന്നു.2001 ജനുവരി 15-നാണ് വിക്കിപീഡിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്. 2001 ജനുവരി 15ന് അമേരിക്കക്കാരായ ജിമ്മി വെയില്‍സിന്റെയും ലാറി സാങ്ങറിന്റെയും നേതൃത്വത്തില്‍ തുടക്കംകുറിച്ച ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. 286 ഭാഷകളിലായി 26 മില്യന്‍ ലേഖനങ്ങളുടെ മഹാസമാഹാരമാണ് ഇന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആറാമത്തെ വെബ്‌സൈറ്റ്.
ഇംഗ്‌ളീഷില്‍ മാത്രം 4.2 മില്യന്‍ ലേഖനങ്ങളുള്ള വിക്കിപീഡിയക്ക് ഒരു ലക്ഷം ലേഖകരുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഒരു വിഷയത്തെക്കുറിച്ച് ഒരു ലേഖകന്‍ നല്‍കുന്ന വിവരങ്ങളാണ് സാധാരണ വിജ്ഞാനകോശങ്ങളില്‍ ഉണ്ടാവുക. അതില്‍നിന്ന് ഭിന്നമായി, ആര്‍ക്കും വിവരങ്ങള്‍ നല്‍കാനും തിരുത്താനും സാധിക്കുന്നുവെന്നതാണ് വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രസക്തി. ലോകത്തെ ഏറ്റവും വലിയ റഫറന്‍സ് ലൈബ്രറിയായി ചുരുങ്ങിയ കാലംകൊണ്ട് അത് മാറിക്കഴിഞ്ഞു.
ജനകീയമായ വൈജ്ഞാനിക പങ്കുവെപ്പിന്റെ സംസ്‌കാരം കൂടിയാണ് വിക്കി പ്രതിനിധാനം ചെയ്യുന്നത്. തടിയന്‍ പുസ്തകങ്ങളുടെ ലോകത്തെ മടുത്തവര്‍ക്കുള്ള ആശ്വാസകേന്ദ്രം കൂടിയാണ് വിക്കി. പേര് സൂചിപ്പിക്കുന്നതുപോലെ, ഒരു വിഷയത്തെക്കുറിച്ച് പൊടുന്നനെ സംവാദാത്മകമായ വിവരങ്ങള്‍ നല്‍കുന്നുവെന്നതാണ് അതിന്റെ ആകര്‍ഷണം. ഇന്ന് മുന്നൂറോളം ഭാഷകളില്‍ വിക്കിപീഡിയകളും മറ്റ് വിക്കിപ്രസ്ഥാനങ്ങളും നിലനില്‍ക്കുന്നുണ്ട്. വിക്കിഗ്രന്ഥശാല, വിക്കി കോമണ്‍സ്, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകള്‍ തുടങ്ങിയുള്ള ഒട്ടേറെ അനുബന്ധ പ്രസ്ഥാനങ്ങളും വിക്കിപീഡിയ പോലെ പ്രമുഖമായ സ്ഥാനം വഹിക്കുന്നു.