ഒരു വ്യക്തി ഒരു ആശയത്തിനായി മരിക്കാം, പക്ഷെ ആ ആശയം അവന്റെ മരണശേഷം ആയിരം ജീവിതങ്ങളില്‍ അവതരിക്കും. സുഭാഷ് ചന്ദ്രബോസിന്റെ വാക്കുകളാണിത്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം. ഓര്‍ക്കാം നേതാജിയെ. ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ വിപ്ലവ നായകനായിരുന്നു സുഭാഷ് ചന്ദ്രബോസ്. ബ്രിട്ടീഷ് ആധിപത്യത്തിന് ഉശിരുകൊണ്ടും ഉള്‍കരുത്തുകൊണ്ടും ധീരമായി നേരിട്ട വ്യക്തി. അദ്ദേഹത്തെ ഓര്‍ക്കാന്‍ രാജ്യം എല്ലാവര്‍ഷവും ജനുവരി 23 ന് നേതാജി ദിനമായി ആചരിക്കുന്നു.
വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ നിരന്തരം പോരാടി. ഭയമെന്നൊരു വാക്ക് ആ ജീവിതനിഘണ്ടുവില്‍ ഇല്ലായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കുന്നതിനായി അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ ആര്‍മി സ്ഥാപിച്ചു. ഗാന്ധിജിയോടു ബഹുമാനം പുലര്‍ത്തുമ്പോള്‍ തന്നെ തെറ്റെന്നു തോന്നിയ നടപടികളെ രൂക്ഷമായി വിമര്‍ശിക്കാനും അദ്ദേഹം മടിച്ചില്ല. സിവില്‍ നിയമലംഘന പ്രസ്ഥാനം പിന്‍വലിച്ചതിനെ പരാജയത്തിന്റെ ഏറ്റുപറച്ചിലെന്നാണ് ബോസ് വിശേഷിപ്പിച്ചത്.
ഗാന്ധിജിയോട് എതിര്‍പ്പുണ്ടായിട്ടും കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹത്തിന്റെ സ്വീകാര്യതയെ കാണിക്കുന്നു. അറസ്റ്റുകളും ജയില്‍വാസവും ഒരിക്കലും തളര്‍ത്തിയില്ല. സഹായം അഭ്യര്‍ഥിച്ച് ഹിറ്റ്‌ലറെപ്പോലും കാണാന്‍ അദ്ദേഹം മടിച്ചില്ല. ഒരു മുങ്ങിക്കപ്പലില്‍ ജപ്പാനിലെത്തി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പ്രധാനമന്ത്രി ടോജോയുടെ പിന്തുണയുറപ്പിക്കാന്‍ ബോസിനായിരുന്നു. ഫ്രീ ഇന്ത്യ സെന്ററിനും ഫ്രീ ഇന്ത്യാ റേഡിയോയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. നേതാജി എന്നും പോരാട്ടങ്ങളുടെ മുന്നണിയിലുണ്ടായിരുന്നു. ധീരനായ ആ പോരാളിയെ ഹൃദയവായ്‌പോടെ രാജ്യം എന്നും ഓര്‍മിക്കുന്നു.