മലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയുടെ നവതി സ്മൃതിയില്‍ തോല്‍ക്കുന്ന യുദ്ധത്തിലെ പടയാളികള്‍ എന്ന ഡോക്യമെന്ററി പ്രദര്‍ശിപ്പിച്ചു.സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകന്‍ എംആര്‍ രാജനാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്
തോല്‍ക്കുമെന്ന് അറിഞ്ഞിട്ടും യുദ്ധത്തിനിറങ്ങിയ പോരാളിയാണ് സുഗതകുമാരി. സൈലന്റ് വാലിക്കായി പോരിനിറങ്ങിയത് കാടകം തൊട്ട സുഗതകുമാരിയായിരുന്നു. അന്ന് മലയാളസാഹിത്യമേഖലയിലെ എല്ലാവരെയും സമീപിച്ച സുഗതകുമാരിക്ക് ആദ്യം മറുപടി കത്തയച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. കൃഷ്ണവനത്തിനായി ഒരു നൂറുരൂപ നോട്ടും മൊട്ടുസൂചിക്കുത്തില്‍ ബഷീര്‍ നല്‍കി, തോല്‍ക്കുന്ന യുദ്ധത്തിന്റെ ആദ്യപടയാളിയാകാന്‍.
നിറഞ്ഞ സദസ്സിലായിരുന്നു സുഗതകുമാരിക്കായി ഒരുങ്ങിയ ഡോക്യുമെന്ററി പ്രദര്‍ശനം നടന്നത്. എടപ്പള്ളി വനിത തിയേറ്ററിലെ പ്രദര്‍ശനം ആ കാവ്യജീവിതത്തിന്റെ തനിയാവര്‍ത്തനമായിരുന്നു. അനിത തമ്പിയുടെ തിരക്കഥയില്‍ കെജി ജയന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ഡോക്യുമെന്ററി എംആര്‍ രാജനാണ് സംവിധാനം ചെയ്യത്. സിനിമാറ്റോഗ്രാഫിക് കേരള അവതരിപ്പിച്ച ഡോക്യുമെന്ററി കേന്ദ്രസാഹിത്യ അക്കാദമി പ്രൊജക്ടായാണ് ഒരുക്കിയത്.
സൈലന്റ് വാലി പ്രക്ഷോഭത്തില്‍ ഒതുങ്ങിയിരുന്നില്ല സുഗതകുമാരിയിലെ വാഗ് വിപ്ലവം. ഊളന്‍പാറയിലെ മാനസിക രോഗാശുപത്രിയിലെ വെളിച്ചമെത്താ തടവറയില്‍ കഴിഞ്ഞ സ്ത്രീജീവിതം കണ്ടിറങ്ങിയ അന്ന് രാത്രി പിറന്നതായിരുന്നു അഭയ. ങ്ങനെ സുഗതകുമാരി അടയാളപ്പെടുത്തിയതെല്ലാം പകര്‍ത്തിയ ദൃശ്യാവിഷ്‌കാരമായിരുന്നു തോല്‍ക്കുന്ന യുദ്ധത്തിലെ പടയാളികള്‍.
മണ്ണിനെ മരങ്ങളെ പുഴയെ പ്രകൃതി പ്രണയിച്ച സഹജീവിതങ്ങളോട് താദാത്മ്യം പ്രാപിച്ച കവയിത്രിക്ക് ഇതിലും മനോഹരമായെങ്ങനെയാണ് ഒരു ആദരവ് അര്‍പ്പിക്കുക. കവിതയും പരിസ്ഥിതിയും സാമൂഹ്യ സാന്ത്വന പ്രവര്‍ത്തനവും നിറഞ്ഞ ജീവിതമാണ് ഡോക്യമെന്ററിക്ക് ഇതിവൃത്തം.എ ന്നും സഹജീവികള്‍ക്കായി ജീവിച്ച കവയിത്രിക്ക് തോല്‍ക്കുമെന്നറിഞ്ഞിട്ടും യുദ്ധം തുടര്‍ന്ന പടയാളിക്ക് ഒരുപാട്ടു പിന്നെയും ബാക്കിവച്ച് അവസാനിപ്പിക്കുകയാണ് ചിത്രം, ഒരു പൂവിന്റെ പിറവിപോലെ.