ഇന്ന് ദേശീയ ടൂറിസം ദിനം.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ടൂറിസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ഇന്ത്യയുടെ പ്രകൃതിസൗന്ദര്യം തിരിച്ചറിയുന്നതിനുമാണ് ദേശീയ ടൂറിസം ദിനം ആഘോഷിക്കുന്നത്.
ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ.കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ രാജ്യത്ത് കാണാനും ആസ്വദിക്കാനും നിരവധി മനോഹരങ്ങളായ സ്ഥലങ്ങളും രുചികരമായ വിഭവങ്ങളും ഉണ്ട്. ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും പിന്നില്‍ നിരവധി ചരിത്രങ്ങളും പുരാണകഥകളുമുണ്ടാകും. അതുകൊണ്ടു തന്നെ സാംസ്‌കാരികമായും സാമ്പത്തികമായും ഇന്ത്യയില്‍ ടൂറിസത്തിന് വളരെയധികം പ്രാധാന്യമുണ്ട്.
ഇക്കോടൂറിസം, ക്രൂയിസുകള്‍, ബിസിനസ്സ്, സ്പോര്‍ട്സ്, ഗ്രാമീണ, വിദ്യാഭ്യാസ, മെഡിക്കല്‍ യാത്രകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന യാത്രാനുഭവങ്ങള്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക, രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുക എന്നീ ലക്ഷ്യത്തോടെ ഇന്ത്യന്‍ സര്‍ക്കാര്‍ 1948-ല്‍ ഒരു ടൂറിസ്റ്റ് ട്രാഫിക് കമ്മിറ്റി സ്ഥാപിച്ചു. മുംബൈയിലും ഡല്‍ഹിയിലും ആസ്ഥാനമായുള്ള സ്വതന്ത്ര രാജ്യത്തെ ആദ്യത്തെ ടൂറിസം കമ്മിറ്റിയായിരുന്നു ഇത്. കമ്മിറ്റിയുടെ ജനപ്രീതി വര്‍ദ്ധിച്ചതോടെ ഹൈദരാബാദിലും ചെന്നൈയിലും കൂടുതല്‍ ഓഫീസുകള്‍ സ്ഥാപിക്കപ്പെട്ടു.
പിന്നീട് ടൂറിസത്തിന്റെ സാമ്പത്തിക പ്രാധാന്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞതോടെ 1958-ല്‍ ഒരു പ്രത്യേക ടൂറിസം വകുപ്പ് സ്ഥാപിച്ചു, ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിനായിരുന്നു ഇതിന്റെ മേല്‍നോട്ടം. ഇന്ന് ടൂറിസം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി രാജ്യത്തിന്റെ ദേശീയ നയങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇന്ത്യയിലെ ടൂറിസം മന്ത്രാലയത്തിനാണ്. പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ സംഘടനകളുമായും ഇത് സഹകരിക്കുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ട്രാവല്‍ & ടൂറിസം ഡെവലപ്മെന്റ് ഇന്‍ഡക്സില്‍ ഇന്ത്യ നിലവില്‍ 54- ാം സ്ഥാനത്താണ്.