ഇന്ന് ദേശീയ വോട്ടേഴ്സ് ദിനം. കൂടുതല്‍ യുവ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനും വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.
2011ല്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍കൈയെടുത്താണ് ദേശീയ വോട്ടേഴ്സ് ദിനം ആചരിക്കാന്‍ ആരംഭിച്ചത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ കീഴില്‍ കേന്ദ്ര മന്ത്രിമാര്‍ യോഗം ചേരുകയും, വോട്ട് ചെയ്യാന്‍ അര്‍ഹരായ യുവാക്കള്‍ സ്വയം വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ വിമുഖത കാണിക്കുന്ന പ്രശ്നം ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇത് 18 വയസ്സ് തികഞ്ഞ യുവാക്കളെ തിരിച്ചറിയുന്നതിനും, ബോധവത്കരിക്കുന്നതിനും അവര്‍ക്ക് ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നല്‍കുന്നതിനുമായി ദേശീയ വോട്ടോഴ്‌സ് ദിനം ആചരിക്കുന്നതിനുള്ള തീരുമാനത്തിലേക്ക് നയിക്കുകയും ചെയ്തു.
1950 ജനുവരി 25ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ സ്ഥാപിതമായതിന്റെ സ്മരണയ്ക്കായിട്ടാണ് എല്ലാ വര്‍ഷവും ഈ ദിവസം ദേശീയ വോട്ടേഴ്‌സ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ദേശീയ വോട്ടേഴ്‌സ് ദിനത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പല തരത്തിലുള്ള പരിപാടികളാണ് രാജ്യത്തുടനീളം നടത്തുന്നത്.വോട്ടവകാശത്തിന് യോഗ്യരായവരെ തിരിച്ചറിയുന്നതിനും വോട്ടുചെയ്യാന്‍ ആളുകളെ പ്രചോദിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുരക്ഷിതത്വത്തെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കുന്നതിനുമായിട്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ വോട്ടേഴ്സ് ദിനം ആചരിക്കുന്നത്.