രാജ്യം 75 ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചടങ്ങില്‍ മുഖ്യാഥിതിയാകും. അതേസമയം രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 75ാം മത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായുള്ള ഒരുക്കത്തിലാണ് രാജ്യതലസ്ഥാനം. റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് മുന്നോടിയായി രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കി. വികസിത ഭാരതം, ജനാധിപത്യത്തിന്റെ മാതൃക എന്നാണ് ഇത്തവണത്തെ പ്രമേയം.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച പരേഡ് രാവിലെ 10.30 ന് രാജ്പഥില്‍ നിന്നും ആരംഭിക്കും. വിവിധ സേനകളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സൈനിക ശക്തി പ്രകടമാക്കുന്ന പരേഡുകളും വ്യോമാഭ്യാസങ്ങളും ടാബ്ലോകളും പരേഡില്‍ അണിനിരക്കും. ആകാശത്ത് ത്രിവര്‍ണ്ണ പതാകകള്‍ വിടര്‍ത്തി യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ വ്യോമസേന ഫ്‌ലൈപാസ്റ്റ് നടത്തുന്നത്. രാജ്യത്തിന്റെ അഭിമാനമായി മാറിയ ലാന്‍ഡിംഗ് പോയിന്റ് എടുത്തുകാണിച്ചുകൊണ്ട് ഐഎസ്ആര്‍ഒയുടെ ടാബ്ലോ ചന്ദ്രയാന്‍ -3 ന്റെ വിജയകരമായ വിക്ഷേപണം പ്രദര്‍ശിപ്പിക്കും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ചടങ്ങില്‍ മുഖ്യാഥിതിയാകും. കൂടാതെ 13000 ക്ഷണിക്കപ്പെട്ട അതിഥികളും ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന ആഘോഷത്തില്‍ പങ്കെടുക്കും. ഫ്രാന്‍സില്‍ നിന്നുള്ള 95 അംഗ സൈന്യവും 33 അംഗ ബാന്‍ഡ് സംഘവും പരേഡിലുണ്ടാകും. ഫ്രഞ്ച് വ്യോമസേനയുടെ മള്‍ട്ടി റോള്‍ ടാങ്കര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനവും രണ്ട് റാഫേല്‍ വിമാനങ്ങളും ഇത്തവണ ഫ്ളൈ പാസ്റ്റിലെ പ്രത്യേകതയാണ്. അതേസമയം ഇത്തവണയും കേരളത്തിന്റെ ടാബ്ലോകള്‍ക്ക് അനുമതി ലഭിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ട 16 സംസ്ഥാനങ്ങളും 9 മന്ത്രാലയങ്ങളും അവതരിപ്പിക്കുന്ന ടാബ്ലോകളാണ് പരേഡില്‍ അണിനിരക്കുക.