എഴുത്തിലൂടേയും സംവിധാനത്തിലൂടേയും പുതിയൊരു നാടക സംസ്‌കാരത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് ഒ മാധവന്‍. നാടക കുലപതിക്ക് ഇന്ന് 102 വയസ്സ് തികയുന്നു.
1924ല്‍ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ഒ മാധവന്‍ ജനിച്ചത്. വിദ്യാഭ്യാസ കാലം മുതല്‍ തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന മാധവന്‍ തുടക്കകാലത്ത് കോണ്‍ഗ്രസ് അനുഭാവി ആയിരുന്നു. പിന്നീട് 1949ല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ചേക്കേറി എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹിയായി. എന്നാല്‍ തന്റെ പ്രവര്‍ത്തന മണ്ഡലം രാഷ്ട്രീയമല്ലെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം കലാ ജീവിതത്തിലേക്ക് തിരിഞ്ഞു. അങ്ങനെ കെപിഎസി എന്ന നാടക കുടുംബത്തിലേക്കെത്തി. തുടര്‍ന്ന് എട്ട് വര്‍ഷം നടനായും ശേഷം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഏറെ പ്രസിദ്ധമായ മുടിയനായ പുത്രന്‍, നിളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളിലൂടെ മാധവന്‍ ജന ഹൃദയം കീഴടക്കി.
നാടകത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒ മാധവന്‍ സ്വന്തം നാടകഗ്രൂപ്പായ കാളിദാസ കലാകേന്ദ്രം സ്ഥാപിച്ചു. ഭാര്യയും സഹോദരിയും മക്കളും അതിന്റെ ഭാഗമായി. 1955ല്‍ ആര്‍ വേലപ്പന്‍ നായര്‍ സംവിധാനം ചെയ്ത കാലം മാറുന്ന എന്ന ചിത്രത്തിലൂടെ അദ്ദേഹം ബിഗ് സ്‌ക്രീനിലും ചുവടുറപ്പിച്ചു. പിന്നീട് എട്ടോളം സിനിമകളില്‍ വേഷമിട്ടു. ആര്‍ ശരത്ത് സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ സായാഹ്നമായിരുന്നു മാധവന്റെ അവസാന ചിത്രം. മികച്ചനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഈ ചിത്രം അദ്ദേഹത്തിന് നേടിക്കൊടുത്തു.അച്ഛനെ കണ്ട് വളര്‍ന്ന് അഭിനയ ജീവിതം തിരഞ്ഞെടുത്ത മകന്‍ മുകേഷും പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി.