ലോകമെമ്പാടും അഹിംസയുടെ പ്രകാശം പരത്തിയ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമാണിന്ന്. സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തിലേറ്റ, ഇന്നും ഉണങ്ങാത്ത മുറിവിന്റെ ആ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് എഴുപത്തിയാറ് വര്‍ഷം.
1948 ജനുവരി 30.....
അതൊരു സന്ധ്യാ സമയമായിരുന്നു.. കൃത്യമായി പറഞ്ഞാല്‍ വൈകീട്ട് 5.17.....
ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ സായാഹ്ന പ്രാര്‍ത്ഥന നടത്താന്‍ എത്തിയതായിരുന്നു മഹാത്മഗാന്ധി പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. തടിച്ചുകൂടിയ ജനങ്ങള്‍ സാക്ഷി നില്‍ക്കെ നാഥുറാം ഗോഡ്സെ എന്ന മതഭ്രാന്തന്റെ വെടിയുണ്ടകള്‍ ഗാന്ധിജിയുടെ നെഞ്ച് തുളച്ചുകയറി.
ഗാന്ധിജിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും ഇന്ത്യക്കാരുടെ ഉള്ളിലുണ്ട്. 'നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ടുപോയി'. അതെ ആ വെളിച്ചം കെട്ടു. ഡല്‍ഹി നഗരത്തിന്റെ നെഞ്ച് കീറി മുറിച്ച ആ രാത്രി ഇന്ത്യാമഹാരാജ്യത്തിന് ഉറക്കമില്ലായിരുന്നു. അഹിംസയില്‍ അടിയുറച്ച് വിശ്വസിച്ച്, ജീവിതം അതിനായി സമര്‍പ്പിച്ച സത്യാന്വേഷി ഇനിയില്ലെന്ന് ഇന്ത്യക്കാര്‍ മനസിലാക്കി.
മഹാത്മാഗാന്ധി എന്ന പച്ചയായ മനുഷ്യന്റെ ആശയങ്ങള്‍ ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ മാതൃകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ പ്രതീക്ഷയും സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം ആജീവനാന്തം പോരാടി. കേവലമൊരു സമരസേനാനി എന്നതിനേക്കാള്‍ ദീര്‍ഘ ദര്‍ശിയായും അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ പോലും അദ്ദേഹം സത്യത്തിന്റെ പാത പിന്തുടര്‍ന്നു. കൊല്ലാന്‍ ഉറച്ച് വെള്ളക്കാരും ശത്രുക്കളും ഒളിയമ്പെയ്തപ്പോഴും അഹിംസയുടെ പാത ഉപേക്ഷിച്ചില്ല.
എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ചു. വര്‍ത്തമാനകാലത്ത് ഗാന്ധിജിയുടെ ചിത്രത്തെയും പേരിനെപ്പോലും ഭയക്കുന്ന ഭരണാധികാരികള്‍ രാജ്യം ഭരിക്കുമ്പോള്‍ അവരുടെ നയങ്ങളും വാക്കുകളും ആ മഹത് വ്യക്തിയുടെ മഹത്വം ഒന്നുകൂടി ഓരോ ഇന്ത്യക്കാരനേയും ഓര്‍മ്മപ്പെടുത്തുകയാണ്.