ഇന്ന് ലോക ബ്രെയിലി ദിനം.അന്ധരെ വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്ന ബ്രെയ്ലി ലിപിയുടെ ഉപജ്ഞാതാവായ ലൂയി ബ്രെയിലിയുടെ ജന്മദിനത്തെ അനുസ്മരിച്ചാണ് ജനുവരി 4 ലോക ബ്രെയ്ലി ദിനമായി ആചരിക്കുന്നത്. 1809 ജനുവരി 4 ന് ജനിച്ച ഫ്രഞ്ചുകാരനായ ലൂയിസ് ബ്രെയ്ലിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കാഴ്ച പരിമിതരുടെ ക്ഷേമത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകളെ അനുസ്മരിക്കുന്നതിനാണ് ജനുവരി 4 ലോക ബ്രെയ്ലി ദിനമായി ആചരിക്കുന്നത്.2019ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ലോക ബ്രെയ്ലി ദിനം രൂപീകരിച്ചത്.ഒരു അപകടത്തെത്തുടര്‍ന്ന് ചെറുപ്രായത്തില്‍ തന്നെ കാഴ്ച നഷ്ടപ്പെട്ടെങ്കിലും പഠിക്കാനുള്ള അതിയായ മോഹം കാരണം ലൂയിസ് ബ്രെയ്ലിയെ പാരീസിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ബ്ലൈന്‍ഡ് എന്ന അന്ധ വിദ്യാലത്തില്‍ ചേര്‍ത്തു. ചാള്‍സ് ബാര്‍ബിയര്‍ വികസിപ്പിച്ചെടുത്ത ഡോട്ടുകള്‍ ഉപയോഗിച്ചുള്ള ഒരു എഴുത്ത് സംവിധാനം ഉപയോഗിച്ച് ബ്രെയ്ലി വായിക്കാന്‍ പഠിച്ചു. അതോടൊപ്പം തന്റേതായ ഒരു ലിപി വികസിപ്പിക്കുന്നതില്‍ ബ്രെയ്ലി പരിശ്രമം തുടങ്ങി.ലൂയിസ് ബ്രെയ്ലി വികസിപ്പിച്ചെടുത്ത എഴുത്ത് സംവിധാനമായത് കൊണ്ടാണ് ഇതിനെ ബ്രെയ്ലി ലിപി എന്ന് നാമകരണം ചെയ്തത്.ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്തില്‍ അന്ധരുടെ എണ്ണം 3 കോടി 60 ലക്ഷവും ഭാഗിക അന്ധരുടെ എണ്ണം 21 കോടി 60 ലക്ഷവുമാണ്.സാധാരണ കാഴ്ചയുള്ള ആളുകളെപ്പോലെ തന്നെ ഇവര്‍ക്ക് വായിക്കാനും പഠിക്കാനും സഹായിക്കുന്ന ബ്രെയ്‌ലി ലിപി ഇവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു.