ഇന്ന് യുദ്ധത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള ദിനം. യുദ്ധങ്ങള്‍ മൂലം അനാഥരായ കുട്ടികളെ കുറിച്ച് സമൂഹത്തിന് ബോധവല്‍ക്കരണം നടത്തുകയാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്. എസ്ഒഎസ് എന്‍ഫാന്റ്‌സ് എന്‍ ഡെട്രെസ്സ് എന്ന ഫ്രഞ്ച് സ്ഥാപനമാണ് യുദ്ധങ്ങളില്‍ അനാഥരാക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ആഗോള ദിനാചരണത്തിന് തുടക്കം കുറിച്ചത്.യുദ്ധങ്ങളാല്‍ അനാഥരായ കുട്ടികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആഗോളതലത്തില്‍ അവബോധം പ്രചരിപ്പിക്കുകയും അവര്‍ക്ക് ഒരു നല്ല നാളെ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
യുനിസെഫിന്റെ കണക്കുകള്‍ പ്രകാരം സമ്പന്ന രാജ്യങ്ങളില്‍ അനാഥരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ യുദ്ധങ്ങളും പകര്‍ച്ചവ്യാധികളും ബാധിച്ച പ്രദേശങ്ങളില്‍ അനാഥരുടെ എണ്ണം വളരെ കൂടുതലുമാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ യൂറോപ്പില്‍ ദശലക്ഷക്കണക്കിന് പേരാണ് അനാഥരായി മാറിയത്. ഏഷ്യയില്‍ 61 ദശലക്ഷവും ആഫ്രിക്കയില്‍ 52 ദശലക്ഷവും ലാറ്റിന്‍ അമേരിക്കയിലും കരീബിയനിലും 10 ദശലക്ഷവും കിഴക്കന്‍ യൂറോപ്പിലും മധ്യേഷ്യയിലും 7.3 ദശലക്ഷവും ഉള്‍പ്പെടെ 2015ല്‍ ആഗോളതലത്തില്‍ 140 ദശലക്ഷം അനാഥരുണ്ടായിരുന്നു.
യുദ്ധത്തില്‍ അനാഥരാക്കപ്പെട്ടവരെ ഓര്‍മിക്കുക, സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ യുവജനതയ്ക്ക് പിന്തുണ നല്‍കാനുള്ള കടമയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.കൂടാതെ യുദ്ധത്തിന്റെയോ മറ്റേതെങ്കിലും സംഘര്‍ഷങ്ങളുടെയോ ഫലമായി അനാഥരാക്കപ്പെടുന്ന കുട്ടികളുടെ ജീവിത സാഹചര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനും അവര്‍ക്കുവേണ്ടി നിലകൊള്ളാനും ഈ ദിനാചരണം ആഹ്വാനം ചെയ്യുന്നു.