ഇന്ന് ആഗോള ചലച്ചിത്ര ദിനം. ഓസ്‌കാര്‍ സീസണിനോട് അനുബന്ധിച്ച്, എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് ആഗോള ചലച്ചിത്ര ദിനം ആഘോഷിക്കുന്നത്. 2020 ഫെബ്രുവരി 8ന് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് ആണ് ആഗോള ചലച്ചിത്ര ദിനം സ്ഥാപിച്ചത്.
ലോകമെമ്പാടുമുള്ള സിനിമാ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട സിനിമകള്‍ ആഘോഷിക്കാനും, സോഷ്യല്‍ മീഡിയയിലുടനീളമുള്ള അക്കാദമി അംഗങ്ങളുമായും ചലച്ചിത്ര പ്രവര്‍ത്തകരുമായും ഇടപഴകാനുള്ള അവസരം നല്‍കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് ഈ ദിനം സ്ഥാപിക്കുന്നത്.
ആഗോള ചലച്ചിത്ര ദിനത്തില്‍ സിനിമകളെ അനുസ്മരിക്കാനും ഏറ്റവും പുതിയ സിനിമയുടെ റിലീസുകള്‍ അറിയാനും ആളുകള്‍ക്ക് അവസരമുണ്ട്. 92-ാമത് ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങിന്റെ തലേദിവസമായിരുന്നു ആഗോള ചലച്ചിത്ര ദിനത്തിന്റെ ഉദ്ഘാടനം. അതേ വര്‍ഷമാണ് ബോങ് ജോണ്‍-ഹോ സംവിധാനം ചെയ്ത ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ് മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രമായത്.
നമ്മുടെ ലോകവീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നതിലും സഹാനുഭൂതി വളര്‍ത്തുന്നതിലും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ വിവിധ വിഷയങ്ങളില്‍ സംവാദങ്ങള്‍ ഉണര്‍ത്തുന്നതിലും സിനിമകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായും കൂടി ഈ ദിനം പ്രവര്‍ത്തിക്കുന്നു.