ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സന്തോഷ ദിനത്തിൽ പ്രസിദ്ധീകരിച്ച ലോക സന്തോഷ റിപ്പോർട്ട് 2025 അനുസരിച്ച്, ഫിൻലാൻഡ് തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 147 രാജ്യങ്ങളിലെ ആളുകളുടെ ജീവിത നിലവാരം വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സാമൂഹിക പിന്തുണ, ആരോഗ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, മൊത്ത ആഭ്യന്തര ഉത്പാദനം (GDP) തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ സന്തോഷ നിലവാരം നിർണ്ണയിക്കുന്നത്.
0 മുതൽ 10 വരെ സ്കെയിലിൽ, ഫിൻലാൻഡ് ശരാശരി 7.74 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. (10 എന്നത് സാധ്യമായ ഏറ്റവും മികച്ച ജീവിതത്തെ പ്രതിനിധീകരിക്കുന്നു)
ഫിൻലാൻഡിന് പിന്നാലെ ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളും ആദ്യ സ്ഥാനങ്ങളിൽ ഉണ്ട്. ശക്തമായ സാമൂഹിക പിന്തുണ സംവിധാനങ്ങൾ, ഉയർന്ന ജീവിത നിലവാരം, തൊഴിൽ-ജീവിത ബാലൻസിനോടുള്ള പ്രതിബദ്ധത എന്നിവ കാരണം ഈ രാജ്യങ്ങൾ സന്തോഷ റിപ്പോർട്ടുകളിൽ സ്ഥിരമായി ഉയർന്ന റാങ്കിംഗുകൾ നേടുന്നു.
കോസ്റ്റാറിക്കയും മെക്സിക്കോയും ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടിയതും ശ്രദ്ധേയമാണ്. കോസ്റ്റാറിക്ക ആറാം സ്ഥാനത്തും മെക്സിക്കോ പത്താം സ്ഥാനത്തും എത്തി. അതേസമയം, അമേരിക്ക 24-ാം സ്ഥാനത്തേക്ക് താഴ്ന്നപ്പോൾ യുണൈറ്റഡ് കിംഗ്ഡം 23-ാം സ്ഥാനത്താണ്.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ആദ്യ 10 രാജ്യങ്ങൾ:
ഫിൻലാൻഡ്
ഡെൻമാർക്ക്
ഐസ്‌ലാൻഡ്
സ്വീഡൻ
നെതർലാൻഡ്‌സ്
കോസ്റ്റാറിക്ക
നോർവേ
ഇസ്രായേൽ
ലക്സംബർഗ്
മെക്സിക്കോ
ഇന്ത്യയുടെ സ്ഥാനം എവിടെ?
ഇന്ത്യ സന്തോഷ സൂചികയിൽ നേരിയ പുരോഗതി കൈവരിച്ചു. 2024-ൽ 126-ാം സ്ഥാനത്തായിരുന്നത് 2025-ൽ 118-ാം സ്ഥാനത്തേക്ക് ഉയർന്നു. എന്നിരുന്നാലും, ഇപ്പോഴും യുക്രൈൻ, മൊസാംബിക്ക്, ഇറാഖ് തുടങ്ങിയ സംഘർഷബാധിത രാജ്യങ്ങൾക്ക് പിന്നിലാണ് ഇന്ത്യ.
ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ചൈനയാണ് ഏറ്റവും ഉയർന്ന റാങ്കിംഗിൽ (68) എത്തിയത്. നേപ്പാൾ, പാകിസ്ഥാൻ (109), എന്നിവ തൊട്ടുപിന്നാലെയുണ്ട്. ശ്രീലങ്കയും ബംഗ്ലാദേശും യഥാക്രമം 133, 134 സ്ഥാനങ്ങളിൽ താഴ്ന്ന റാങ്കിംഗിലാണ്.
ഏറ്റവും സന്തോഷമില്ലാത്ത രാജ്യങ്ങൾ
അഫ്ഗാനിസ്ഥാനാണ് ലോകത്തിലെ ഏറ്റവും സന്തോഷമില്ലാത്ത രാജ്യം. അഫ്ഗാൻ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളാണ് രാജ്യത്തിന്റെ താഴ്ന്ന റാങ്കിംഗിന് പ്രധാന കാരണം.
അഫ്ഗാനിസ്ഥാന് പിന്നാലെ സിയറ ലിയോൺ, ലെബനൻ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഏറ്റവും സന്തോഷമില്ലാത്ത രാജ്യങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.