മലയാള ചലചിത്രഗാനശാഖയ്ക്ക് അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച അതുല്യ ഗായകനാണ് കെ.പി ഉദയഭാനു. ഗൃഹാതുരമായ ആലാപനശൈലിയിലൂടെ മലയാളമനസ്സ് കീഴടക്കിയ അദ്ദേഹം ഓര്‍മ്മയായിട്ട് ഇന്ന് 11 വര്‍ഷം.
വെള്ളിനക്ഷത്രമേ നിന്നെ നോക്കി...എന്ന് തുടങ്ങുന്ന ചങ്ങമ്പുഴയുടെ വരികള്‍ക്ക് കെ പി ഉദയഭാനു ഗാനം ആലപിച്ചപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി ഒന്നായി ഇത് മാറി. കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറായി ജോലിയില്‍ പ്രവേശിച്ച ഉദയഭാനു പി ഭാസ്‌ക്കരന്‍, കെ രാഘവന്‍, തിക്കൊടിയന്‍ തുടങ്ങി ഒട്ടനവധി പ്രതിഭകളുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സൗഹൃദമാണ് പിന്നീട് ചലച്ചിത്രപിന്നണി ഗാനരംഗത്തേയ്ക്ക് എത്തിച്ചത്. പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത് 'നായരു പിടിച്ച പുലിവാല്‍' എന്ന ചിത്രത്തിലെ 'വെളുത്ത പെണ്ണേ', എന്തിനിത്ര പഞ്ചസാര' എന്നീ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടായിരുന്നു കെ പി ഉദയഭാനു സിനിമ പിന്നണി ഗാനരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്.
ആദ്യഗാനങ്ങള്‍ തന്നെ ഹിറ്റായതോടെ ഉദയഭാനു എന്ന ഗായകന്‍ മലയാള സംഗീതലോകത്ത് ശ്രദ്ധേയനായി. പിന്നീടിങ്ങോട്ട് സംഗീതാസ്വാദകരുടെ മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞ ഒട്ടനവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെതായി പിറന്നു. ചില ഗാനങ്ങള്‍ ഉദയഭാനുവിനു മാത്രം പാടാനാവുന്ന ഒരു സൃഷ്ടിയായി മാറി...
സമസ്യ എന്നചിത്രത്തിലെ ഗാനങ്ങള്‍ക്കു സംഗീതസംവിധാനം ചെയ്തുകൊണ്ട് ഉദയഭാനു സംഗീത സംവിധാനരംഗത്തേയ്ക്കും പ്രവേശിച്ചു. മനിതന്‍ മാറവില്ലൈ എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം ഗാനമാലപിച്ചു. സംഗീത മേഖലയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2009-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. താന്തോന്നി എന്ന സിനിമയിലെ കാറ്റുപറഞ്ഞതും കടലുപറഞ്ഞതും... എന്ന ഗാനമാണ് ഉദയഭാനു അവസാനമായി ആലപിച്ചത്.