Share this Article
News Malayalam 24x7
ക്യാന്‍സറിനെ മറികടന്ന് സ്‌കില്‍ ഇന്ത്യ മിഷനിലൂടെ മികച്ച സംരംഭകയായി പ്രസീത
വെബ് ടീം
posted on 09-02-2024
1 min read
Praseetha has overcome cancer and become a great entrepreneur through Skill India Mission

രാജ്യത്താകെയുള്ള വനിതകള്‍ക്ക് ഏറെ പ്രചോദനം പകരുന്ന ഒരു ജീവിതകഥയാണ് കൊല്ലം സ്വദേശി പ്രസീത ടിയ്ക്ക് പറയാനുള്ളത്. 3 വര്‍ഷത്തോളം ക്യാന്‍സര്‍ രോഗത്തിനോട് പൊരുതി ജയിച്ച പ്രസീത തന്റെ മനോബലവും, നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിക്കൊണ്ട് ഒരു സംരംഭക എന്ന നിലയില്‍ക്കൂടി തന്റെ ജീവിതത്തില്‍ വിജയക്കൊടി നാട്ടിയിരിക്കുകയാണ്. തന്റെ രോഗാവസ്ഥയില്‍ തളര്‍ന്നിരിക്കാതെ ആ വേദന കരുത്താക്കിക്കൊണ്ടാണ് തന്റെ മുന്നോട്ടുള്ള ജീവിതം പ്രസീത കെട്ടിപ്പടുത്തത്. 

സ്‌കില്‍ ഇന്ത്യ മിഷന്റെ ഭാഗമായുള്ള പ്രധാന്‍ മന്ത്രി കൗശല്‍ കേന്ദ്രയിലെ പിഎംകെവിവൈ പദ്ധതിയ്ക്ക് കീഴില്‍ ഒരു അപ്പാരല്‍ കോഴ്സിന് എന്റോള്‍ ചെയ്തതാണ് പ്രസീതയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇതോടെ ഏറെ നാളായി മനസ്സില്‍ കൊണ്ടുനടന്ന തന്റെ സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി പ്രസീത അടുത്തു. അപ്പാരല്‍ ഇന്‍ഡസ്ട്രിയെക്കുറിച്ച് കൂടുതല്‍ വിപുലമായി മനസ്സിലാക്കുവാനും, സാങ്കേതിക മേഖലകളില്‍ കൂടുതല്‍ ആഴത്തിലുള്ള അറിവുകള്‍ നേടുവാനും ഒപ്പം എത്രത്തോളം ഫലപ്രദമായി ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുവാനാകും എന്നതിലും വ്യക്തമായ ധാരണ കൈവരിക്കുവാന്‍ പദ്ധതിക്ക് കീഴിലെ പരിശീലന പരിപാടിയിലൂടെ സാധിച്ചു. 

കോഴ്സ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രസീത സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് നേടുകയും പ്രധാന്‍ മന്ത്രി എംപ്ലോയ്മെന്റ് ഗ്യാരണ്ടീ പ്രോഗ്രാം (പിഎംഇജിപി) പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയ്ക്ക് അര്‍ഹയാവുകയും ആ തുക ഉപയോഗിച്ചുകൊണ്ട് ശ്രീ വിനായകം റെഡിമെയ്ഡ് ഗാര്‍മെന്റ്സ് എന്ന പേരില്‍ സ്വന്തം സംരംഭം ആരംഭിക്കുകയും ചെയ്തു. സ്വന്തം സ്വപ്നങ്ങളെയും അഭിരുചികളെയും പിന്തുടര്‍ന്ന് ജീവിത വിജയം കൈവരിക്കുവാന്‍ സാധിച്ചതില്‍ പിഎംകെവിവൈ വലിയ പങ്കാണ് വഹിച്ചത്. 

സ്വന്തം സംരഭത്തിലൂടെ 12 പേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ ഇന്ന് പ്രസീതയ്ക്ക് സാധിക്കുന്നു. സ്‌കൂള്‍ യൂണിഫോം, നൈറ്റ് വെയറുകള്‍, കുര്‍ത്ത തുടങ്ങി ഉപഭോക്താക്കളുടെ ആവശ്യപ്രകാരം എത്തിച്ചുനല്‍കുകയാണ് പ്രസീത ചെയ്യുന്നത്. 15 സ്റ്റിച്ചിംഗ് മെഷീനുകള്‍, 1 ഓവര്‍ലോക്ക് മെഷീന്‍, ഒരു കട്ടിംഗ് മെഷീന്‍, ബോയിലിംഗ് മെഷീന്‍, ബട്ടണ്‍ മെഷീന്‍, ബട്ടന്‍ഹോള്‍ മെഷീന്‍ എന്നീ മെഷീനറികളാണ് പ്രസീതയുടെ യൂണിറ്റിലുള്ളത്. തന്റെ ജീവിതത്തിലെ പ്രതിസന്ധികള്‍ മറികടക്കുവാന്‍ സഹായിച്ചതിനും തന്നെപ്പോലുള്ള നിരവധി സ്ത്രീകള്‍ക്ക് മാതൃകയാകുവാനും ഒപ്പം ഇത്തരത്തില്‍ പിന്തുണ നല്‍കുന്ന സ്‌കില്‍ ഇന്ത്യ മിഷനോടുള്ള നന്ദിയും ആദരവും പ്രസീത മറച്ചുവെക്കുന്നില്ല.

2024 -25 ഇടക്കാല യൂണിയന്‍ ബഡ്ജറ്റില്‍ സ്‌കില്‍ ഇന്ത്യ മിഷന്റെ നേട്ടങ്ങളെക്കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ പരാമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ 1.4 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കിയ പദ്ധതി വനിതാ സംരംഭകര്‍ക്ക് പിന്തുണ ഉറപ്പാക്കുന്ന സര്‍ക്കാറിന്റെ ശക്തമായ പ്രതിബദ്ധതയെ അടിവരയിടുന്നു. 2023 ഡിസംബര്‍ 9 വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നും ആകെ 2,79,713 പേര്‍ പിഎംകെവിവൈ പദ്ധതിയ്ക്ക് കീഴില്‍ പരിശീലനം നേടിയിട്ടുണ്ട്. ക്രെഡിറ്റ്, ടെക്നോളജി, അടിസ്ഥാന സൗകര്യങ്ങള്‍, സ്‌കില്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ ഈ പദ്ധതിയിലൂടെ രാജ്യത്തെ വനിതകള്‍ക്കായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. ഇതുവഴി വിവിധങ്ങളായ തൊഴിലവസരങ്ങള്‍ കണ്ടെത്തുവാനും സ്വയംപര്യാപ്തത കൈവരിച്ച് ഉപജീവനം നടത്തുവാനും സാധാരണക്കാരായ വനിതകള്‍ക്ക് സാധിക്കുന്നു. 

2047 ആകുന്നതോടെ ഒരു വികസിത രാഷ്ട്രമെന്ന ഖ്യാതി നമ്മുടെ രാജ്യത്തിന് നേടിയെടുക്കണമെങ്കില്‍ പല വ്യവസായ മേഖലകളിലുമുള്ള സ്ത്രീ ശക്തി കൂടുതല്‍ പ്രബലമാകേണ്ടതുണ്ട്. അതോടൊപ്പം സംരംഭക പരിതസ്ഥിതി സമഗ്രവും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായിരിക്കണം. ഇക്കാര്യങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ടാണ് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) വനിതാ കേന്ദ്രീകൃമായ പല നൈപുണ്യ വികസന പദ്ധതികളും ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് & സ്മോള്‍ ബിസിനസ് ഡെവല്പ്മെന്റ്, ജന്‍ ശിക്ഷന്‍ സന്‍സ്ഥന്‍സ്, ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, നാഷണല്‍ സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്സ്, സ്‌കില്‍ ഇന്ത്യയുടെ പ്രധാന പദ്ധതിയായ പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന ( പിഎംകെവിവൈ) എന്നിവ അവയില്‍ ചിലതാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article