വീടോളം പ്രീയപ്പെട്ടതാണ് ജന്മനാടിന്റെ ഭാഷയും. ആശയവിനിമയത്തിനുമപ്പുറം ഒരു വലിയ സംസ്‌കാരത്തെ കൂടി ഭാഷ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇന്ന് ലോക മാതൃഭാഷാ ദിനം.
ഭാഷ ഏറ്റവും ലളിതമാകുന്നത് അമ്മ മധുരം വാക്കില്‍ കലരുമ്പോഴാണ്. ജനിച്ചു വീഴുന്ന നാള്‍ മുതല്‍ കേട്ടുപഠിക്കുന്ന വാക്കോളം പ്രീയപ്പെട്ടത് മറ്റെന്താണ്. അമ്മ ചൊല്ലിത്തരുന്നതിന്റെ, പ്രാദേശികതയുടെ, വാമൊഴിയുടെ വിശാലതയാണ് മാതൃഭാഷയ്ക്ക്.
2000 മുതല്‍ യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ മാതൃഭാഷാ ദിനം ആചരിക്കുന്നുണ്ട്. ബഹുഭാഷ പഠനം തലമുറകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയെന്നതാണ് ഇത്തവണത്തെ സന്ദേശം.ലോകത്തിന്‍െ നാനാ സംസ്‌കാരവും പാരമ്പര്യവും പേറി വീടുപോലെ പ്രീയപ്പെട്ടതാണ് ഓരോ മനുഷ്യനും ജന്മം ഉരുവാക്കിയ ഭാഷ.
വിവിധ ഭാഷകളും സംസ്‌കാരവുമുള്ള ഇന്ത്യ ആ ഭാഷാ വൈവിധ്യത്തിന്റെ പ്രാദേശികതയിലാണ് ഒരുമിച്ച് നില്‍ക്കുന്നത്. തെലുങ്കും തമിഴും മലയാളവും ബംഗാളിയും ഹിന്ദിയും ഭാഷയെന്ന അതിര്‍വരമ്പിനുമപ്പുറം രാജ്യത്തിന്റെ അഖണ്ഡതയുടെ കൂട്ടിച്ചേര്‍ക്കല്‍ കൂടിയാണ്.
മലയാളത്തിനുമുണ്ട് പല ഭാഷാ ഭേദങ്ങളുള്ള മലയാളം. പലരും പലതായി പറയുന്ന വാക് ഭേദമുള്ള മലയാളം. സപ്തഭാഷ സംസാരിക്കുന്ന കാസര്‍ഗോഡിന്റെ മലയാളം, മലബാറിന്റെ മലയാളം, കോഴിക്കോടിന്റെ മറ്റൊരു മലയാളം, വള്ളുവനാടിന്റെ തനി മലയാളം, തമിഴില്‍ തട്ടി നില്‍ക്കുന്ന പാലക്കാടന്‍ മലയാളം, അങ്ങനെ ഒരു ഭാഷയ്ക്ക് പല ഭേദങ്ങള്‍.
എങ്കിലും ഇഷ്ടവാക്കോളം പ്രീയപ്പെട്ടതാണ് മാതൃഭാഷയും. മാതൃഭാഷ മരിക്കുന്നുവെന്ന മുറവിളികള്‍ക്കിടയിലും ഭാഷയെ ചേര്‍ത്തുപിടിക്കുകയാണ് ലോകം. ലോകഭാഷയെന്ന സീമ ഭേദിച്ച് ഭാഷയുടെ പ്രാദേശികതയിലേക്ക് മടങ്ങുന്നുണ്ട് ലോകം. പെറ്റമ്മയായ അമ്മ മലയാളത്തിന്, പോറ്റമ്മയായ മറ്റു ധാത്രിമാര്‍ക്ക് മാതൃഭാഷാദിനാംശംസകള്‍...