ഇന്ന് ലോക സന്തോഷ ദിനം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ എറ്റവും അത്യാവശ്യമായ ഒന്നാണ് സന്തോഷം. സന്തോഷമെന്നത് എല്ലാവരുടെയും മൗലികാവകാശമാണെന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
ലോക സന്തോഷ ദിനത്തില്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സന്തോഷം പങ്കിടാം. 2013ല്‍ ഐക്യരാഷ്ട്രസഭയാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആദ്യമായി ആചരിച്ചത്. ഈ ദിവസത്തിലൂടെ തങ്ങളുടെ പൗരന്മാരുടെ സന്തോഷത്തിനായി ഒരു ഇടം സൃഷ്ടിക്കാന്‍ യുഎന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്യുന്നത്.
ഐക്യരാഷ്ട്രസഭ എല്ലാ പ്രായത്തിലുള്ളവരോടും ഓരോ വ്യക്തിയോടും അന്താരാഷ്ട്ര സന്തോഷ ദിനത്തിന്റെ ആഘോഷത്തില്‍ പങ്കുചേരാന്‍ നിര്‍ദേശിക്കുന്നു. ലോക സന്തോഷ ദിനത്തില്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ആളുകളോട് തുടര്‍ച്ചയായ പുരോഗതി കൈവരിക്കുന്നതും അവരുടെ ജീവിതം മികച്ചതുമാക്കുന്ന ചെറിയ കാര്യങ്ങള്‍ ചെയ്യാനും ആഹ്വാനം ചെയ്യുന്നു.
ചെറിയ കാര്യങ്ങള്‍ക്ക് പോലും സ്വയം നന്ദി പറയാനും അഭിനന്ദിക്കാനും സമയമെടുക്കുന്നത് ആളുകള്‍ക്ക് ജീവിതത്തില്‍ സന്തോഷവും കൂടുതല്‍ സംതൃപ്തിയും ലഭിക്കാന്‍ കാരണമാകുന്നു. ഓരോ വ്യക്തിക്കും സന്തോഷം ലഭിക്കുക പല പല കാര്യങ്ങളില്‍ നിന്നാവും.
ഒരാള്‍ക്ക് സന്തോഷം കിട്ടുന്ന കാര്യം ഒരു പക്ഷെ മറ്റൊരാളെ സന്തോഷിപ്പിക്കണമെന്നില്ല. അതുകൊണ്ട് തിരക്കുപിടിച്ച നിങ്ങളുടെ ജീവിതത്തിനിടയില്‍ നിങ്ങളുടെ സന്തോഷത്തിനായി അല്‍പ്പം സമയം കണ്ടെത്താന്‍ ശ്രമിക്കൂ ജീവിതം കൂടുതല്‍ സുന്ദരമാക്കാന് ഇത് നിങ്ങളെ സഹായിക്കും.