മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ 90 ആം ജന്മദിനമാണിന്ന്. പ്രണയത്തിന്റെ അഗാധമായ എഴുത്തായിരുന്നു മാധവിക്കുട്ടിയുടേത്. സീമകളില്ലാതെ നിബന്ധനകളില്ലാത്ത പ്രണയത്തിന്റെ രാജകുമാരിയുടെ പിറന്നാള്‍ ഓര്‍മ.
'എനിക്ക് സ്‌നേഹം വേണംഅത് പ്രകടമായിത്തന്നെ കിട്ടണം.ഉള്ളില്‍ സ്‌നേഹമുണ്ട്,പക്ഷേ പ്രകടിപ്പിക്കാനാവില്ലഎന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല...ശവകുടീരത്തില്‍ വന്നു പൂവിട്ടാല്‍ ഞാന്‍ അറിയുമോ.?'
മാധവിക്കുട്ടി അത്രമേല്‍ പ്രിയപ്പെട്ടൊരു പേരാണ് മലയാളത്തിന്. സ്‌നേഹത്തെ ഇത്രയും തീവ്രമായി നിര്‍വചിച്ച മറ്റൊരാള്‍ മലയാളത്തിനുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. അതിരുകളില്ലാത്ത ഉപാധികളില്ലാത്ത വാര്‍പ്പുമാതൃകകളില്ലാത്ത സ്‌നേഹം.
തീഷ്ണ സൗന്ദര്യമായിരുന്നു ആമിയുടെ എഴുത്തുകള്‍ക്ക്. ധാര്‍ഷ്ട്യമുള്ള നിരന്തരം കലഹിക്കുന്ന ക്ലാവുപിടിക്കാത്ത സ്‌നേഹം തനിക്ക് പ്രകടമായി വേണമെന്ന് മാധവിക്കുട്ടി ഉറച്ചു പറഞ്ഞു. അന്നോളം മലയാളത്തിന്റെ എഴുത്തുപുര കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത ദൃഢതയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്.
പുന്നയൂര്‍ക്കുളവും നാലപ്പാടും പുതുമഴയുടെ മണമുള്ള നീര്‍മാതളപ്പൂക്കളും മാധവിക്കുട്ടിയെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. സ്ത്രീജീവിതത്തിന്റെ തീവ്രഭാവങ്ങളായിരുന്നു മാധവിക്കുട്ടിയുടെ എഴുത്തില്‍. മരണം കണ്ണീര്‍ തൂവിയ നെയ്പായസവും കണ്ണാടി നോക്കാന്‍ മറന്ന കോലാടിലെ അമ്മയും പക്ഷിയുടെ മരണവും നഷ്ടപ്രണയത്തിന്റെ തീരാവേദന തന്ന നഷ്ടപ്പെട്ട നീലാംബരിയും അങ്ങനെ എത്രയെത്ര കഥകളാണ് വായനാപ്രപഞ്ചത്തിന് സമ്മാനിച്ചത്.
ആത്മകഥാംശമുള്ള അല്ലെങ്കില്‍ ആത്മകഥ തന്നെയായ എന്റെ കഥ അത് എഴുതിയ കാലത്തുണ്ടാക്കിയ വിവാദങ്ങള്‍ ചെറുതായിരുന്നില്ല. പട്ടുപാവാടക്കുപ്പായത്തില്‍ നിന്ന് മാത്രം പെണ്ണെഴുത്തിനെ കണ്ട സമൂഹത്തിന് എഴുത്തിന്റെ ചിന്തയുടെ അതിതീഷ്ണ ഭാവങ്ങളാണ് മാധവിക്കുട്ടി സമ്മാനിച്ചത്.
വിലക്കപ്പെട്ട വായനകള്‍ പലതുണ്ടായി ് എന്റെ കഥയ്ക്ക്. പെണ്ണെന്ത് എഴുതരുത് എന്ന വിലക്കിന്റെ പൊട്ടിച്ചിതറലായിരുന്നു അത്. മലയാളത്തില്‍ മാധവിക്കുട്ടി, ഇംഗ്ലീഷ് സാഹിത്യത്തില്‍ കമലാദാസ്, പ്രീയപ്പെട്ടവര്‍ക്ക് ആമി, അതിലേറെ പ്രീയപ്പെട്ടവര്‍ക്ക് ആമിയോപ്പു, ഒടുവില്‍ കമല സുരയ്യ ഒരു ജീവിതത്തില്‍ പല ജീവിതം ജീവിച്ചവളായിരുന്നു മാധവിക്കുട്ടി.
ഏത് നഗരത്തിന്റെ തിരക്കുകളില്‍ നിന്നും പുന്നയൂര്‍ക്കുളത്തെ നീര്‍മാതളച്ചോട്ടിലേക്ക് ഓടിയെത്താന്‍ കൊതിക്കുന്ന പെണ്‍കുട്ടിയായിരുന്നു മാധവിക്കുട്ടി. ഒരു മെയ് മാസത്തില്‍ കൊഴിഞ്ഞുപോയ പൂവിതള്‍. നീര്‍മാതാളം പൂക്കുന്നത് ഒരാഴ്ച്ചക്കാലത്തിന് വേണ്ടിയാണ്. പുതുമഴയുടെ സുഗന്ധമുള്ള കാലത്തോളം അക്ഷരമുള്ളി കാലത്തോളം മലയാളത്തിന്റെ ആമിക്ക് എന്നും ചെറുപ്പമാണ്. അത്രമേല്‍ പ്രിയപ്പെട്ട എഴുത്തിന് പിറന്നാള്‍ ഓര്‍മ്മകള്‍...