63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉത്ഘാടനം ചെയ്യും. ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണകപ്പ് ഇന്ന് തലസ്ഥാനത്ത് എത്തും.കലോത്സവ കലവറയുടെ പാലുകാച്ചൽ രാവിലെ 10:30 യോടെ നടന്നു . കലോത്സവത്തിന്റെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു .
ആകെ 25 വേദികൾ, 249 മത്സര ഇനങ്ങൾ . മാറ്റുരയ്ക്കുന്നത് 15000ത്തിലധികം പ്രതിഭകൾ. സംസ്ഥാന സ്കൂൾ കലോത്സവത്തിന് അനന്തപുരി ഒരുങ്ങി കഴിഞ്ഞു. ശനിയാഴ്ച്ച പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ കലാമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ രംഗപൂജയോടെ വേദികൾ, മത്സരങ്ങൾക്കായി തിട്ടപ്പെടും.
കേരളത്തിലെ നദികളുടെ പേരുകളാണ് 25 വേദികൾക്കും നൽകിയിരിക്കുന്നത്. ഒന്നാം വേദിയായി നിള, എം.ടിയുടെ ഓർമ്മകൾ തുടിക്കുന്ന ഇടം കൂടിയായി മാറും. മേളയുടെ ചരിത്രത്തിലാദ്യമായി 5 ഗോത്ര നൃത്തരൂപങ്ങൾ മത്സരയിനങ്ങളായി വേദിയിലെത്തുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത.
കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്രയ്ക്ക് ഇന്ന് വൈകിട്ട് തലസ്ഥാന നഗരിയിൽ സ്വീകരണം നൽകും. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി സ്വർണകപ്പ് ഏറ്റുവാങ്ങും.