ഇന്ത്യന്‍ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാല്‍ക്കെ വിടവാങ്ങിയിട്ട് 81 വര്‍ഷം. സിനിമയുടെ മായാലോകം ഇന്ത്യയിലെ ജനങ്ങള്‍ക്കും വിദൂരമല്ലാ എന്ന് കാട്ടിത്തന്ന, ഇന്ത്യന്‍ ചലച്ചിത്രമേഖലയുടെ അമരക്കാരനെ ഓര്‍ക്കാം ഒരിക്കല്‍കൂടി.
ദുണ്ടിരാജ് ഗോവിന്ദ് ഫാല്‍ക്കെ.... അല്ല....രാജ്യത്തിന്റെ സ്വന്തം ദാദാസഹേബ് ഫാല്‍ക്കെ...ചലച്ചിത്രം എന്നാ വിസ്മയത്തെ ഇന്ത്യന്‍ ജനതയ്ക്ക് പകര്‍ന്നു നല്‍കിയ ബഹുമുഖപ്രതിഭ…
1870ല്‍ ബോംബെ പ്രസിഡന്‍സിയിലെ ഒരിടത്തരം ബ്രാഹ്‌മണകുടുംബത്തില്‍ ജനിച്ച ഫാല്‍ക്കെയ്ക്ക് സിനിമയെന്നത് സ്വപ്നങ്ങളില്‍ പോലുമില്ലാത്ത ഒന്നായിരുന്നു.
സംസ്‌കൃതത്തില്‍ ബിരുദം നേടിയ ഫാല്‍ക്കെ ശേഷം ചിത്രരചന പഠിയ്ക്കുമ്പോഴും, അനന്തരം നിശ്ചലഛായാഗ്രഹണവും അതിന്റെ നൂതനസാങ്കേതികതയും ഹൃദിസ്ഥമാക്കുമ്പോളും, സിനിമ ഫാല്‍ക്കെയുടെയുള്ളില്‍ മൊട്ടിട്ടിരുന്നില്ല.
ഫോട്ടോഗ്രാഫിയോട് തോന്നിയ അടങ്ങാത്ത അഭിനിവേശം സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങാനുള്ള ആഗ്രഹത്തിലേക്കും പിന്നീട് ആ ആഗ്രഹം 1895ല്‍ ഗുജറാത്തിലെ ഗോദ്രയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങളിലെ മിഥ്യാധാരണകള്‍ക്ക് മുന്നില്‍ സ്റ്റുഡിയോ മുന്നോട്ട് കൊണ്ടുപോകാനാവാതെ ഫാല്‍ക്കെ ഏറെ ബുദ്ധിമുട്ടി. ക്യാമറയില്‍ ഫോട്ടോ എടുക്കുന്നതിലൂടെ മനുഷ്യരുടെ ആത്മാവിനെ വലിച്ചെടുക്കാന്‍ കഴിയുമെന്നും ഇത് മരണത്തിലേക്ക് നയിക്കുമെന്നുമുള്ള കുപ്രചരണങ്ങളില്‍ പൊറുതിമുട്ടി സ്റ്റുഡിയോ അടച്ചു പൂട്ടേണ്ടി വന്നു.
1911ല്‍ മകനൊപ്പം കണ്ട അമേസിങ് അനിമല്‍സ് എന്നാ ചിത്രമാണ് ഫാല്‍ക്കെയില്‍ സിനിമയുടെ വിത്ത് പാകിയത്. പിറ്റേന്ന് ഈസ്റ്റര്‍ ദിനത്തില്‍ കുടുംബത്തോടൊപ്പം കണ്ട ദി ലൈഫ് ഓഫ് ക്രൈസ്റ്റ് എന്ന ചിത്രം ഇന്ത്യന്‍ പുരാണ ഇതിഹാസങ്ങളെ വെള്ളിത്തിരയിലെത്തിക്കാന്‍ ഫാല്‍ക്കെയ്ക്ക് ഊര്‍ജം പകര്‍ന്നു. ഇടക്കാലത്തു പഠിച്ച മാജിക് വിദ്യകളും സിനിമമാന്ത്രികത ഉരുവപ്പെടുത്താന്‍ ഫാല്‍ക്കെയെ സഹായിച്ചു.
എങ്കിലും മിഥ്യദ്ധാരണകളുടെ വേലിക്കെട്ടുകള്‍ ഫാല്‍ക്കെയ്ക്ക് മുന്നില്‍ വീണ്ടും തടസ്സം സൃഷ്ടിച്ചു. ആദ്യചിത്രത്തിലെ നായികയ്ക്കായി ഇന്ത്യയിലുടനീളം സഞ്ചരിച്ച ഫാല്‍ക്കെയ്ക്ക് ബോംബെയിലെ ചുവന്നതെരുവുകളില്‍ നിന്ന് പോലും നായികയെ കണ്ടെത്താനായില്ല. എന്നാല്‍ തോറ്റുകൊടുക്കാന്‍ തയാറാകാത്ത ഫാല്‍ക്കെ ഒരു പുരുഷനായ കലാകാരനെക്കൊണ്ട് തന്റെ നായികവേഷത്തെ ആവിസ്മരണീയമാക്കി. അങ്ങനെ 1913ല്‍ ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ ചലച്ചിത്രം രാജ ഹരിശ്ചന്ദ്ര പ്രദര്‍ശനത്തിനെത്തി. ഒരു യുഗത്തിന്റെ പിറവിക്ക് കൂടിയാണ് ഫാല്‍ക്കെ അടിത്തറയിട്ടത്. ശേഷം 94 മുഴുനീള ചിത്രങ്ങളും 27 ഹ്രസ്വചിത്രങ്ങളും ഫാല്‍ക്കെയില്‍ നിന്നും ഇന്ത്യന്‍ ജനതയ്ക്ക് ലഭിച്ചു. ശബ്ദചിത്രങ്ങളുടെ വരവോടെ ഫാല്‍ക്കെ എന്ന് പേര് ചലച്ചിത്രമേഖലയ്ക്ക് അപരിചിതമായി തുടങ്ങി. ഒടുവില്‍ തന്റെ ആദ്യ ശബ്ദചിത്രമായ ഗംഗാവതരന്‍ പ്രദര്‍ശനത്തിനെത്തിച്ച ശേഷം 1937ല്‍ ചലച്ചിത്രമേഖലയോടും 1944 ഈ ലോകത്തോടും അദ്ദേഹം വിട പറയുകയായിരുന്നു. ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയിലൂടെ ഇന്നും രാജ്യം ഓര്‍മ്മിക്കുന്നു, ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ ഈ കാരണവരെ