ഇന്ന് ലോകമാതൃഭാഷാദിനം. ഭാഷകള്‍ക്കതീതമായി മനുഷ്യര്‍ ഒന്നുചേരുന്ന ലോകത്ത് മാതൃഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട് എന്നതിന് ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം.
1999 നവംബറിലാണ് ബംഗ്ലദേശ് മുന്നോട്ട് വെച്ച ആവശ്യത്തെത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. ലോകത്ത് എണ്ണായിരത്തിലധികം ഭാഷകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പലയിടങ്ങളിലെ സാമൂഹികസ്ഥിതിയും വിദ്യാഭ്യാസസൗകര്യങ്ങളും വിവിധപ്രദേശങ്ങളിലെ തനത് ഭാഷകളെ കുഴിച്ച് മൂടുന്ന തരത്തിലാണ്.
വിദ്യാഭ്യാസത്തിനും സുസ്ഥിര വികസനത്തിനും ഭാഷകള്‍ അത്യന്താപേക്ഷിതമാണ്, അറിവ് കൈമാറ്റം ചെയ്യപ്പെടുന്നതിനും സംസ്‌കാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുമുള്ള പ്രാഥമിക മാര്‍ഗമായി അവ പ്രവര്‍ത്തിക്കുന്നു.
ഭാഷാ വൈവിധ്യം സംരക്ഷിക്കുന്നതിനും മാതൃഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കാല്‍നൂറ്റാണ്ടിലെ ശ്രമങ്ങളുടെ ആഘോഷമാണ് മാതൃഭാഷാദിനാചരണത്തിന്റെ ലക്ഷ്യം.
സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിലും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും മികച്ചൊരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിലും ഭാഷാ സംരക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്ത്യന്ന് പെറ്റമ്മ തന്‍ഭാഷ താന്‍...വള്ളത്തോളിന്റെ ഈ വരികള്‍ ആബാലവൃദ്ധം മലയാളികളും നെഞ്ചിലേറ്റിയവരാണ്. എന്നാല്‍ ഈ വരികള്‍ ഓര്‍ത്തെടുക്കുന്ന പലരും മാതൃഭാഷ സംരക്ഷിക്കുന്നതിനായി എന്ത് ചെയ്തുവെന്ന ചോദ്യം പ്രസക്തമാണ്.