Share this Article
Every Dog Has Its Day; വഴിയില്‍ ഉപേക്ഷിച്ച നായക്ക് പൊലീസുകാര്‍ സംരക്ഷകരായി
വെബ് ടീം
posted on 25-06-2023
1 min read

പ്രായമായതിനെ തുടർന്ന് ഉടമസ്ഥർ വഴിയിൽ ഉപേക്ഷിച്ച നായക്ക് പൊലീസുകാർ സംരക്ഷകരായി. നിയമപാലനം മാത്രമല്ല സഹജീവി സ്നേഹം കൂടി കൃത്യനിർവഹണത്തിന്റെ ഭാഗമാണെന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം പൊലീസുകാർ. കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലാണ് ഈ നല്ല കാഴ്ച.

കഴിഞ്ഞദിവസം രാത്രിയിലാണ് ചേവായൂർ പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ വന്നത്. വാപ്പൊളി താഴത്ത് ഒരു വളർത്തുനായ അലഞ്ഞുതിരിഞ്ഞ് നടക്കുന്നു എന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഉടൻതന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ കെ.സി.സാംസണും സംഘവും അവിടേക്ക് തിരിച്ചു. സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ കണ്ടെത്തിയ നായയെ പ്രായാധിക്യത്തെ തുടർന്ന് ഉടമസ്ഥൻ വഴിയിൽ ഉപേക്ഷിച്ചതാണെന്ന് വ്യക്തമായി.

ഇതോടെ അവശനായ വഴിയിൽ ഉപേക്ഷിക്കാതെ പൊലീസുകാർ നേരെ ചേവായൂർ സ്റ്റേഷനിലേക്ക് കൂട്ടി. വിശന്ന് വലഞ്ഞിരുന്ന ആ നായയ്ക്ക് സി.പി.ഒമാരായ എം ആർ രമ്യയും പി.കെ.ഷിബിനും, തൊട്ടടുത്ത ട്രാഫിക് എസി ഓഫീസിലെ ജീവനക്കാരൻ ഇ. രത്നാകരനും അന്നദാതാക്കളായി മാറി. അവർ എത്തിച്ചു നൽകിയ വെള്ളവും ഭക്ഷണവും കഴിച്ച് ആ നായ സ്നേഹത്തോടെ അവരോട് വാലാട്ടി

ദൃഢതയോടെയുള്ള കൃത്യനിർവഹണത്തിന് പുറമേ മൃദുഭാവത്തോടെയുള്ള പെരുമാറ്റമാണ് പൊലീസിന്റെ മുഖമുദ്ര എന്ന് തെളിയിക്കുകയാണ് ഈ സഹജീവി പരിചരണത്തിലൂടെ ചേവായൂർ പൊലീസ് സ്റ്റേഷനിലെ ഈ നല്ല പൊലീസുകാർ. ഈ നായയെ നല്ല രീതിയിൽ പരിചരിക്കാൻ തയ്യാറുള്ള മൃഗസ്നേഹികളെയോ, മൃഗസംരക്ഷണ പ്രവർത്തകരെയോ അന്വേഷിക്കുകയാണ് ഇപ്പോൾ ചേവായൂർ പൊലീസ്.

കഴിഞ്ഞ രണ്ടുദിവസമായി ഈ അന്വേഷണം തുടരുമ്പോഴും ആരും അതിന് സന്നദ്ധത അറിയിച്ചു രംഗത്തെത്തിയിട്ടില്ല. പ്രായാധിക്യമുള്ള ഈ നായയെ വളർത്താൻ ആരും എത്തിയില്ലെങ്കിലും നന്മ വറ്റാത്ത മനസ്സോടെ അതിനെ സംരക്ഷിക്കാൻ തന്നെയാണ് ചേവായൂർ സ്റ്റേഷനിലെ പൊലീസുകാരുടെ തീരുമാനം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories