നെയ്യാറ്റിൻകര ശാഖകുമാരി കൊലക്കേസിൽ ഭർത്താവ് അരുണിന് ജീവപര്യന്തം ശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം കഠിനതടവും 2 ലക്ഷം പിഴയും വിധിച്ചത്. 2020 ഡിസംബർ 26നാണ് സ്വത്ത് തട്ടിയെടുക്കാനായി ശാഖകുമാരിയെ ഭർത്താവ് ഷോക്കേൽപ്പിച്ച് കൊന്നത്.
2020 ഡിസംബർ 26നാണ് സ്വത്തു തട്ടിയെടുക്കാനായി നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി ശാഖകുമാരിയെ ഭർത്താവ് അരുൺ വൈദ്യുതാഘാതം ഏല്‍പിച്ചു കൊലപ്പെടുത്തുന്നത്. കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി അരുണിന് ജീവപര്യന്തം കഠിന തടവും രണ്ട്ലക്ഷം രൂപ പിഴയും വിധിച്ചു. സ്വത്ത് തട്ടിയെടുക്കാനായി മാത്രം പ്രതി തന്നെക്കാള്‍ 28 വയസ്സ് കൂടുതൽ പ്രായമുള്ള സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നു എന്നും പിന്നീട് കൊലപ്പെടുത്തിയെന്നും കോടതി കണ്ടെത്തിയിരുന്നു.
വിവാഹം വേണ്ടെന്നു തീരുമാനിച്ച് ഒറ്റയ്ക്ക് താമസിരുന്ന ശാഖ കുമാരിയുമായി ഇലക്ട്രിഷ്യനായ അരുണ്‍ അടുക്കുകയും 2020 ഒക്ടോബര്‍ 29ന് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കുട്ടികൾ വേണമെന്ന ധനികയായ ശാഖാകുമാരിയുടെ ആഗ്രഹവും ഭാര്യയുടെ പ്രായകൂടുതലുമാണ് 28കാരനായ അരുണിനെ കൊല നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
തെളിവില്ലാതെ ശാഖാകുമാരിയെ കൊലപ്പെടുത്തിയ ശേഷം സ്വത്തുക്കൾ തട്ടിയെടുക്കുക എന്നതായിരുന്നു അരുൺ ലക്ഷ്യമിട്ടിരുന്നത്. അതിനായി ശാഖാകുമാരിയെ ഒരു തവണ ഷോക്കടിപ്പിച്ച് കൊല്ലാൻ പ്രതി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ ഡിസംബർ 26ന് പുലർച്ചെ ശാഖാ കുമാരിയെ പ്രതി കൊലപ്പെടുത്തി. ശ്വാസം മുട്ടിച്ചു ബോധം കെടുത്തിയ ശേഷം ശരീരത്തിൽ വൈദ്യുതി കടത്തി വിട്ടാണ് കൊല നടത്തിയത്.
വെള്ളറട പൊലീസ് ആണ് കേസിൽ അന്വേഷണം നടത്തിയത്. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി അരുണിനെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ആണ് വിധി പ്രസ്താവന നടത്തിയത്.