ബഹിരാകാശ ദൗത്യങ്ങളില്‍ പുതിയ നാഴികക്കല്ല് കൈവരിച്ച് നാസ. വിയര്‍പ്പില്‍ നിന്നും മൂത്രത്തില്‍ നിന്നും ശുദ്ധജലം വേര്‍തിരിച്ചെടുത്തു. ബഹിരാകാശ നിലയത്തില്‍ യാത്രികര്‍ 98 ശതമാനം ജലം പുനരുൽപ്പാദിപ്പിച്ചു. ഇത് ഭാവി ദൗത്യങ്ങള്‍ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ സംബന്ധിച്ച് ഓരോ ക്രൂ അംഗത്തിനും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഓരോ ദിവസവും ഒരു ഗാലന്‍ വെള്ളം ആവശ്യമാണ്. ദൈര്‍ഘ്യമേറിയ ദൗത്യങ്ങളില്‍ യാത്രികര്‍ തുടക്കത്തില്‍ കൊണ്ടുപോകുന്ന ജലത്തിന്റെ 98 ശതമാനം വീണ്ടെടുക്കലാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ബഹിരാകാശത്ത് ഭക്ഷണം, വായു, വെള്ളം എന്നിവയുടെ പുനരുപയോഗം ലക്ഷ്യമിട്ടുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്.
മലിനജലം ശേഖരിക്കുന്ന വാട്ടര്‍ റിക്കവറി സിസ്റ്റം ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സംയോജനമാണ് സാധ്യമാക്കിയത്. യാത്രികരുടെ ശ്വാസത്തില്‍ നിന്നും വിയര്‍പ്പില്‍ നിന്നും ക്യാബിന്‍ വായുവിലേക്ക് പുറപ്പെടുവിക്കുന്ന ഈര്‍പ്പം ഈ സിസ്റ്റത്തിന്റെ ഡീഹ്യുമിഡിഫയറുകള്‍ ശേഖരിക്കും. മൂത്രത്തില്‍ നിന്നും ജലം വീണ്ടെടുക്കുന്നതും വിജയകരമായി പരീക്ഷിച്ചു. ഈ പ്രക്രിയയില്‍ ഉപോല്‍പന്നമായി ഉപ്പുവെള്ളം ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈ വെള്ളം വേര്‍തിരിച്ചെടുക്കാനുള്ള പ്രോസസറും സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് വേര്‍തിരിച്ചെടുക്കാനുള്ള സംവിധാനവും വികസിപ്പിച്ചിട്ടുണ്ട്.
മൂത്രത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ശുദ്ധജലത്തിന്റെ അളവ് 94 ശതമാനത്തില്‍ നിന്നും 98 ശതമാനമായി വര്‍ധിപ്പിച്ചതായി പദ്ധതിയുടെ സബ് സിസ്റ്റം മാനേജര്‍ ജില്‍ വില്യംസണ്‍ പറഞ്ഞു. പ്രക്രിയയില്‍ സെന്‍സറുകള്‍ ഉപയോഗിച്ച് ജലത്തിന്റെ ശുദ്ധി പരിശോധിക്കും. സൂക്ഷ്മാണുക്കളുടെ വളര്‍ച്ച തടയാന്‍ ആവശ്യമായ അളവില്‍ അയഡിനും ജലത്തില്‍ ചേര്‍ക്കും.
ചില ഭൂഗര്‍ഭ ജലവിതരണ സംവിധാനങ്ങളുമായി സാമ്യമുള്ളതാണ് പ്രക്രിയ. ഭൂമിയില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ശുദ്ധമായ ജലമാണ് ഇതെന്ന് വില്യംസണ്‍ വ്യക്തമാക്കി. ബഹിരാകാശ ദൗത്യങ്ങളില്‍ പുനരുല്‍പാദിപ്പിക്കാവുന്ന സാങ്കേതിക സംവിധാനങ്ങള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നെന്നും വില്യംസണ്‍ കൂട്ടിച്ചേര്‍ത്തു.