മന്ത്രി അഹമ്മദ് ദേവർകോവിൽ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന പരാതിയിൽ അന്വേഷണം. കോഴിക്കോട് റൂറൽ എസ്പി ഡോ. അരവിന്ദ് സുകുമാറാണ് ഇക്കാര്യം അന്വേഷിക്കുക. ഇത് സംബന്ധിച്ച് നവ കേരള സദസിൽ ലഭിച്ച പരാതിയാണ് കോഴിക്കോട് റൂറൽ എസ്പിക്ക് കൈമാറിയത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സ് വടകരയിൽ എത്തിയപ്പോഴാണ് മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ പരാതി ലഭിച്ചത്. 2015 ൽ നടന്ന വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ വടകര സ്വദേശി എ.കെ യൂസഫ് നവ കേരള സദസ്സിൽ പരാതി നൽകിയത്. മന്ത്രി നൽകേണ്ട 63 ലക്ഷം രൂപ കോടതിവിധി ഉണ്ടായിട്ടും അത് തിരികെ നൽകുന്നില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. 2019ലെ കോഴിക്കോട് അഡിഷണൽ സെഷൻസ് കോടതിയുടെ വിധിയും പരാതിക്കാരൻ ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായി ഇതിനാൽ സർക്കാരിന് ഇതിൽ പരിമിതികൾ ഉണ്ട് എന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നത്.
വ്യക്തിപരമായി ആർക്കും പണം നൽകാനില്ലെന്നും ഐ എൻ എല്ലിൽ നിന്നും നേരത്തെ പുറത്താക്കിയ ചിലരാണ് ആരോപണത്തിന് പിറകിലെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ മുൻപ് പ്രതികരിച്ചിട്ടുണ്ട്. നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികൾക്ക് 45 ദിവസത്തിനകം നടപടി ഉണ്ടാകും എന്ന ഉറപ്പാണ് സർക്കാർ നൽകുന്നത്. അതിൻറെ ഭാഗമായാണ് പരാതിയെക്കുറിച്ച് അന്വേഷിക്കാൻ വടകര റൂറൽ എസ് പിക്ക് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.