Share this Article
പുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ; ഒരു രാഷ്ട്രീയ കാലഘട്ടത്തിന് തിരശ്ശീല വീഴുമ്പോൾ
Former Kerala Chief Minister Oommen Chandy passed away

പുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ നീണ്ട രാഷ്ട്രീയ ജീവിതം . അരനൂറ്റാണ്ടിലേറെ ദൈർഘ്യമുള്ള  പൊതു ജീവിതത്തിന് അന്ത്യമാകുമ്പോൾ തിരശ്ശീല വീഴുന്നത് ഒരു രാഷ്ട്രീയ കാലഘട്ടത്തിനാണ്.

ആൾക്കൂട്ടത്തിൽ നിന്നും അയാൾ മായുകയാണ്. ആദ്യമായും അവസാനമായും.  നിവേദനങ്ങളും പരാതികളുമില്ലാതെ ജനക്കൂട്ടം ഉമ്മൻചാണ്ടിക്ക് ചുറ്റും നിന്നു. എന്നും കർമ്മനിരതനായിരുന്ന, വിശ്രമിച്ചാൽ ക്ഷീണിതനാകുമെന്ന് പറഞ്ഞ ജന നേതാവ് ആ ആൾക്കൂട്ടത്തിന് നടുവിൽ നിശ്ചലനായി .


പുതുപ്പള്ളിയുടെ പ്രതിനിധിയായി 27 തികയുന്നതിന് മുമ്പ് ആദ്യമായി നിയമസഭയിലേക്ക്. അര നൂറ്റാണ്ട് പിന്നിട്ട ആ സാമാജിക ജീവിതത്തിന്  ഊർജമായത് കെ എസ് യുവിന്റെ നീലക്കൊടി കയ്യിലേന്തിയ പോരാട്ട കാലം . അരനൂറ്റാണ്ടിലേറെ നീണ്ട ഉമ്മൻ ചാണ്ടിയുടെ സാമാജിക ജീവിതം കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രം കൂടിയാണ്. 

നിയമത്തിൻെറ കാർക്കശ്യത്തിനപ്പുറം നീതിയുടെ നടത്തിപ്പിന് പ്രഥമ പരിഗണനൽകിയ കരുതൽ. ആൾക്കൂട്ടത്തെ ജീവശ്വാസമാക്കിയ നേതാവ്. അതിവേഗം വികസനത്തിന്റെ ബഹുദൂരം താണ്ടിയ ഭരണാധികാരി . 

ജനകീയൻ എന്ന വിശേഷണത്തിന്  ഒരേയൊരു ഉമ്മൻ ചാണ്ടിയെ അർഹനാക്കിയ പ്രത്യേകതകൾ നിരവധി. വ്യക്ത്യധിക്ഷേപങ്ങൾ ചാട്ടുളി പോലെ ചങ്കിന് നേരെവന്ന കാലത്തും ഒരു ചിരിയിലൂടെ അതിനെയൊക്കെ മറികടന്നു ഉമ്മൻ ചാണ്ടി. ഗ്രൂപ്പ് തർക്കങ്ങളിൽ അയാൾ രാഷ്ട്രീയ ചാണക്യനായി. മുന്നണി സംവിധാനത്തിൽ ഒരുമിപ്പിക്കലിന്റെ   രസതന്ത്രമായിരുന്ന ആ മനുഷ്യൻ സാമുദായിക വിഷയങ്ങളിൽ ശരിദൂരമായി. മനസാക്ഷിയുടെ കോടതിയിൽ നീതിമാനാണെന്ന് അയാൾ എന്നും വിശ്വസിച്ചു.

 മാഞ്ഞു പോകുന്നത് ഒരു കാലഘട്ടമാണ്, നഖം മുതൽ മുടിനാര് വരെ പൊതു പ്രവർത്തകനായ ഒരു മനുഷ്യൻ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്കൊണ്ട്

അടയാളപ്പെടുത്തിയ കാലഘട്ടം... യാത്രയാവുന്നത് ,

സാധാരണക്കാരന്റെ ആവലാതിക്കടലാസിൽ സ്വന്തം കൈപ്പടയിൽ ആശ്വാസത്തിന്റെ തീർപ്പെഴുതിയ ഭരണാധികാരിയാണ് 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article