നിലമ്പൂര്‍ വഴിക്കടവില്‍ ചക്കതേടി കൊമ്പന്‍ നാട്ടിലിറങ്ങി. 15 ഓളം വീടുകളിലെത്തിയ കൊമ്പന്‍ വിളകള്‍ നശിപ്പിച്ചാണ് കാട്ടിലേക്ക് മടങ്ങിയത്. കൊമ്പന്റെ മുന്നില്‍പ്പെട്ട ചരക്ക് ലോറികള്‍ യാത്ര തുടരാനാവതെ മടങ്ങി. നിലമ്പൂരിലെ വനാതിര്‍ത്തി പ്രദേശമായ പൂവ്വത്തിപൊയിലിലും ആലപൊയിലില്ലുമാണ് കാട്ടാനയിറങ്ങിയത്.
പൂവ്വത്തിപൊയില്‍ സ്വദേശി അപ്പേങ്ങല്‍ വേലായുധന്റെ വീട്ട് പറമ്പിലാണ് കൊമ്പന്‍ ആദ്യം എത്തിയത്. ഇവിടെ വാഴ കൃഷി നശിപ്പിച്ച കൊമ്പന്‍ ചേര്‍ക്കുന്നന്‍ അബ്ദുവിന്റെ മുറ്റത്തിലൂടെ പൂവ്വത്തിപൊയില്‍-ആനമറി റോഡിലേക്കിറങ്ങി. പിന്നീട് റോഡരികിലും പരിസരങ്ങളിലുമുള്ള 15 ഓളം വീടുകള്‍ കയറിയിറങ്ങി. പ്ലാവ് പിടിച്ചു കുലുക്കിയും പറിച്ചും ചക്ക അകത്താക്കി.
ആലപൊയില്‍ വെട്ടുക്കത്തിക്കോട്ടയിലെ വീട്ടിലെത്തിയ കൊമ്പനെ കണ്ട് വീട്ട് ഉടമസ്ഥന്‍ വാക്യത്തൊടിക അഹമ്മദ് കുട്ടി ഒച്ചവെച്ചതോടെ ശരം കണക്കെ ഓടി കരിവീരന്‍ റോഡിലെത്തി. ഇതുവഴി വാഴക്കുലകളുമായി വരികയായിരുന്ന ലോറി കൊമ്പന്റെ മുന്നില്‍പ്പെട്ടു. ആനയെ കണ്ട ഉടനെ ലോറി റിവേഴ്‌സെടുത്ത് പഞ്ചായത്ത് അങ്ങാടിയിലെ പെട്രോള്‍ പമ്പിലെത്തി നിര്‍ത്തിയിട്ട് പിന്നീട് രാവിലെ ആണ് ചരക്ക് ലോറി യാത്ര തുടര്‍ന്നത്.
വാഹനം കണ്ട ഉടനെ റോഡിന് താഴെ ഭാഗത്തിറങ്ങിയ കൊമ്പന്‍ ചേര്‍പ്പുളി കളത്തില്‍ ഹനീഫ ദാരിമിയുടെ തെങ്ങ് നശിപ്പിച്ചു. സമീപത്തെ അമാനത്ത് കാക്കുവിന്റെ ഒരു ഏക്കറോളം വാഴ കൃഷിയും നശിപ്പിച്ച് പുലര്‍ച്ചെ മൂന്നരയോടെയാണ് കാട് കയറിയത്.