ബഹുനില കെട്ടിടങ്ങളിലുണ്ടാകുന്ന തീപ്പിടിത്തം പോലുള്ള അപകടങ്ങള്‍ അശ്രദ്ധയുടെയോ സുരക്ഷാ മാനദണ്ഡങ്ങളുടെയോ പരിണിതഫലമാകാം. കുവൈത്ത് ഫ്‌ളാറ്റ് തീപ്പിടിത്തം വലിയ ആഘാതം സൃഷ്ടിച്ചപ്പോള്‍ ഇത്തരമൊരു അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളും മുന്‍കരുതലുകളും അറിഞ്ഞിരിക്കാം. പലപ്പോഴും അറിവില്ലായ്മ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടും.
കുവൈത്തിലെ തീപ്പിടിത്തം വലിയൊരു നടുക്കം സൃഷ്ടിച്ചപ്പോള്‍ ഇനിയൊരു ദുരന്തം ഉണ്ടാകല്ലേ എന്നാണ് പ്രാര്‍ത്ഥന. എങ്കിലും പലരും അപ്പോഴും ഇത്തരം സന്ദര്‍ഭങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് വേണ്ട മുന്‍കരുതലോ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചോ അവബോധം നേടാറില്ല.
എന്നാല്‍ ഇനിയെങ്കിലും ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പാലിക്കേണ്ട മുന്‍കരുതലും അപകടമുണ്ടായാല്‍ ഉടനടി സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളും അറിഞ്ഞിരിക്കണം. പലപ്പോഴും അറിവില്ലായ്മയാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നത്.
ഓരോ അപാര്‍ട്ട്‌മെന്റിനും ഫ്ലാറ്റിനും തീപ്പിടിത്ത സാധ്യതകള്‍ ഉണ്ട്. അത് പമ്പിങ്മുറി, പ്രധാന സ്വിച്ച് ബോര്‍ഡ്, ജനറേറ്റര്‍, ബാര്‍ബിക്യു അടക്കമുള്ള ഭക്ഷണപാചകം, മാലിന്യം കത്തിക്കല്‍ തുടങ്ങിയവയില്‍ നിന്നാകാം. ഇത് ഒരു മുന്നറിയിപ്പും ഇല്ലാതെയാകാം. അതുകൊണ്ടുതന്നെ ആദ്യം തന്നെ വേണ്ടത് അപായ സൂചന നല്‍കുക എന്നതാണ്. അതിനുള്ള സംവിധാനം ഉണ്ടായിരിക്കണം.
എല്ലാ നിലയിലും അഗ്‌നിശമന സംവിധാനം ഉണ്ടായിരിക്കണം. അത് പ്രവര്‍ത്തിപ്പിക്കാന്‍ എല്ലാ താമസക്കാര്‍ക്കും പരിശീലനം നല്‍കണം. ഫയര്‍ എക്‌സിറ്റുകള്‍ വഴി എളുപ്പത്തില്‍ രക്ഷപ്പെടാന്‍ സാധിക്കണം. ഒരു കാരണവശാലും ഈ അവസരങ്ങളില്‍ ലിഫ്റ്റ് ഉപയോഗിക്കരുത് എന്ന ധാരണയുണ്ടായിരിക്കണം.
ഇനി രക്ഷനേടേണ്ട വഴികളെക്കുറിച്ച്. വാതിലുകള്‍ തുറക്കുന്നതിനു മുട്ടുകുത്തിനിന്നോ കുനിഞ്ഞുനിന്നോ വേണം പരിശോധിക്കാന്‍. പിന്നീട് ഉയര്‍ന്നു നിന്ന് വാതിലും അതിന്റെ പിടികളും തൊട്ടുനോക്കുക. വാതിലിനു തണുപ്പുണ്ടെങ്കില്‍ ശ്രദ്ധാപൂര്‍വം തുറക്കുക.
തീയോ പുകയോ കാണുന്നുണ്ടെങ്കില്‍ വാതില്‍ കൊട്ടിയടയ്ക്കുക. മറ്റു വഴികളിലൂടെ രക്ഷപ്പെടുകയോ ഫ്ലാറ്റില്‍ തന്നെ നില്‍ക്കുകയോ ചെയ്യുക.വാതിലുകളിലും ജനാലകളിലും തുണി, ഷീറ്റ് എന്നിവ വച്ച് അടച്ച് പുക കടക്കാതെ നോക്കണം. എമര്‍ജന്‍സി നമ്പര്‍ ഉപയോഗിച്ച് അഗ്‌നിശമന സേനയെ വിളിച്ച് നിങ്ങളുടെ ലൊക്കേഷന്‍ അറിയിക്കുക.
നിങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗം പുക നിറഞ്ഞിരിക്കുകയാണെങ്കില്‍ പുകയ്ക്കടിയിലൂടെ ഇഴഞ്ഞ് നീങ്ങാനായി ശ്രമിക്കണം. അഗ്‌നിബാധയുടെ സമയത്ത് ലിഫ്റ്റ് ഉപയോഗിക്കരുത്. ഗോവണി ഉപയോഗിക്കുമ്പോള്‍ എല്ലാ വാതിലുകളും മുറുക്കിയടക്കുക. ഇത് തീ പടരുന്നത് സാവധാനമാക്കും.
ബഹുനില കെട്ടിടങ്ങളിലുള്ളവര്‍ ഒരിക്കലും റൂഫ്‌ടോപ്പിലേക്ക് പോകരുത്. അത് നിങ്ങളെ രക്ഷപ്പെടാന്‍ കഴിയാത്ത സുരക്ഷ ഇല്ലാത്ത അവസ്ഥയിലെത്തിക്കും. ഇത്തരം കാര്യങ്ങള്‍ ഒരു പരിധിവരെ ശ്രദ്ധയോടെ ചെയ്താല്‍ വലിയ ദുരന്തത്തില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷനേടാം.
നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവ
1. ആദ്യം അപായ സൂചന നല്‍കുക
2.അഗ്‌നിശമന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം നേടണം
3.ഫയര്‍ എക്‌സിറ്റുകള്‍ വഴി എളുപ്പത്തില്‍ രക്ഷപ്പെടാന്‍ സാധിക്കണം
4. വാതിലുകള്‍ തുറക്കുമ്പോള്‍ മുട്ടുകുത്തിനിന്നോ കുനിഞ്ഞുനിന്നോ പരിശോധിക്കുക
5. വാതിലുകളില്‍ തണുപ്പുണ്ടെങ്കില്‍ ശ്രദ്ധാപൂര്‍വ്വം തുറക്കുക
6. നിങ്ങളുടെ ചുമലുകള്‍ വാതിലിനോട് ചേര്‍ത്തുവെച്ച് സാവധാനം തുറക്കുക
7. തീയോ പുകയോ കാണുന്നുണ്ടെങ്കില്‍ വാതില്‍ കൊട്ടിയടയ്ക്കുക
8. വാതിലുകളിലും ജനാലകളിലും തുണി, ഷീറ്റ് എന്നിവ വച്ച് അടച്ച് പുക കടക്കാതെ നോക്കുക
9. ലിഫ്റ്റ് ഒരു കാരണവശാലും ഉപയോഗിക്കരുത്
10.എമര്‍ജന്‍സി നമ്പര്‍ ഉപയോഗിച്ച് അഗ്‌നിശമന സേനയെ വിളിക്കുക
11.എല്ലാ വാതിലുകളും മുറുക്കിയടക്കുക
12. റൂഫ്‌ടോപ്പിലേക്ക് പോകാതിരിക്കുക