കവളപ്പാറ-പുത്തുമല ദുരന്തങ്ങള്‍ നടന്നിട്ട് ഇന്ന് നാല് ആണ്ട്. 2019 ഓഗസ്റ്റ് എട്ടിനാണ് ഈ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ ഉണ്ടായത്.എടക്കര മുത്തപ്പന്‍ കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത് 59 ജീവനുകള്‍.
ആഴ്ചകള്‍ നീണ്ട തിരച്ചിലില്‍ 48 മൃതദേഹങ്ങള്‍ കണ്ടെത്തി.താഴ്വാരത്തെ 45 വീടുകള്‍ മണ്ണിനടിയിലായി.11 പേര്‍ ഇപ്പോഴും മണ്ണിലെവിടെയോ അലിഞ്ഞുകിടക്കുന്നു.മനുഷ്യജീവനുകള്‍ക്ക് പുറമെ ഒട്ടേറെ വീടുകളും പുരയിടവും കൃഷിസ്ഥലങ്ങളും ദുരന്തം കൊണ്ടുപോയി.
ഒരു കുടുംബത്തിലെ തന്നെ നാലും അഞ്ചും അംഗങ്ങള്‍ ദുരന്തത്തിനിരയായി.മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരങ്ങളും ബന്ധുക്കളും സ്വന്തമായുണ്ടായിരുന്ന മണ്ണും കാലങ്ങളായി അദ്ധ്വാനിച്ചുണ്ടാക്കിയവയുമെല്ലാം മണ്ണിനടിയില്‍ പുതഞ്ഞപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടിയത് കുറച്ചുപേര്‍ക്ക് മാത്രം.
കവളപ്പാറ ദുരന്തം നടന്ന ദിവസം തന്നെയായിരുന്നു പാതാറിലും നാശം നേരിട്ടത്.വൈകിട്ട് അതിരുവീട്ടി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പാതാര്‍ എന്ന നാടുതന്നെ അപ്രത്യക്ഷമായി.കവളപ്പാറയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍മാത്രം ദൂരമുള്ള പാതാറില്‍ ആളപായമില്ലെന്നതായിരുന്നു ഏക ആശ്വാസം.ചരല്‍ക്കൂനകളും കൂറ്റന്‍ പാറക്കെട്ടുകളും വന്മരങ്ങളും അടിഞ്ഞുകൂടി.റോഡ്,വീടുകള്‍,പള്ളി,സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നാമാവശേഷമായി.
മലാംകുണ്ട്,മുട്ടിപ്പാലം,പാതാര്‍,പാത്രകുണ്ട്,വെള്ളിമുറ്റം,കൈപ്പിനി എന്നിവിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.പാതാറില്‍നിന്ന് പടിഞ്ഞാറേഭാഗത്തുള്ള തേന്‍പാറ,ഗര്‍ഭംകലക്കി മലകളിലെ മണ്ണിടിച്ചിലാണ് അന്ന് നാശം വരുത്തിയത്.ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരും ജീവിതത്തിലേക്ക് തിരിച്ചെത്തി.
രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച അനീഷിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി.ഭൂമിയും വീടും വാസയോഗ്യമെന്ന് കണ്ടെത്തിയ 153 കുടുംബങ്ങളെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചു.32 പട്ടികവര്‍ഗ കുടുംബത്തിന് 12 ലക്ഷം വീതവും എം എ യൂസഫലി വീട് നല്‍കിയവര്‍ക്ക് 7 ലക്ഷം വീതവും ബാക്കി കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതവുമാണ് സര്‍ക്കാര്‍ അനുവദിച്ചത്.
20 കോടി രൂപ സര്‍ക്കാര്‍ കവളപ്പാറയില്‍ പുനരധിവാസത്തിന് ചെലവഴിച്ചു.മാറ്റിപ്പാര്‍പ്പിച്ച 39 കുടുംബത്തിന് സന്നദ്ധസംഘടനകളും വീട് നിര്‍മിച്ച് നല്‍കി.കവളപ്പാറ ആലിന്‍ചുവടില്‍ 33 കുടുംബത്തിന് സര്‍ക്കാര്‍ ഫണ്ടില്‍ സ്ഥലം വാങ്ങി പ്രവാസി വ്യവസായി എം എ യൂസഫലിയുടെ സഹായത്തോടെ വീടുകള്‍ പണിതു.എല്ലാ വീട്ടിലേക്കും സര്‍ക്കാര്‍ ഫണ്ടില്‍ 60 ലക്ഷം അനുവദിച്ച് കോണ്‍ക്രീറ്റ് റോഡും നിര്‍മിച്ചു.