സംസ്ഥാന വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ് ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളില്‍ ഉമ്മന്‍ ചാണ്ടിയെന്ന ജനകീയന്റെ കയ്യൊപ്പും പതിഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ പല വികസന പദ്ധതികളിലും ഉമ്മന്‍ ചാണ്ടിയെന്ന നേതാവിന്റെ പങ്ക് വളരെ വലുതാണ്. 1991-ല്‍ ധനകാര്യ മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റിലൂടെ പ്രീഡിഗ്രി വിദ്യാഭ്യാസം സര്‍ക്കാര്‍ ചിലവിലാക്കി. ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സര്‍വീസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ആരംഭിച്ചതും ഉമ്മന്‍ ചാണ്ടിയായിരുന്നു.
1995 ല്‍ തുടക്കമിട്ട പദ്ധതിയായിരുന്നെങ്കിലും വിവാദങ്ങളിലും പ്രശ്‌നങ്ങളിലും പെട്ട് മുടങ്ങിക്കിടന്നിരുന്ന വിഴിഞ്ഞം പദ്ധതിക്ക് വീണ്ടും പുതുജീവന്‍ വെച്ചത് 2011 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായതോടെയാണ്. കൊച്ചി മെട്രോ നിര്‍മ്മാണത്തിന് തുടക്കമിട്ടതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണ കാലത്തായിരുന്നു. വിവാദങ്ങളില്‍ കുരുങ്ങി നീണ്ടുപോയ മെട്രോ പദ്ധതിക്ക് 2012 ല്‍ തുടക്കമിട്ടു.
2013 ല്‍ ഡിഎംആര്‍സിക്ക് നിര്‍മ്മാണ ചുതല നല്‍കിയെങ്കിലും ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ട സര്‍വീസ് തുടങ്ങിയത് 2017ല്‍ എല്‍ഡിഎഫ് ഭരണകാലത്തായിരുന്നു. 1977ല്‍ ആദ്യ കരുണാകരന്‍ സര്‍ക്കാരില്‍ ഉമ്മന്‍ ചാണ്ടി തൊഴില്‍ മന്ത്രിയായിരിക്കേയാണ് സംസ്ഥാനത്ത് തൊഴിലില്ലായ്മ വേതനം നല്‍കാനുള്ള തീരുമാനമുണ്ടാകുന്നത്. ക്ഷേമ പെന്‍ഷന്‍ എല്ലാമാസവും നല്‍കാന്‍ തീരുമാനമെടുത്തതും. ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള ജനക്ഷേമ പദ്ധതികളും നിലവില്‍ വന്നതും ഉമ്മന്‍ ചാണ്ടിയെന്ന വികസന നായകന്റെ കയ്യൊപ്പോടുകൂടിയാണ്.