തര്‍ല ദലാല്‍ എന്ന പാചകവിദഗ്ധയെക്കുറിച്ച് കൃത്യമായി അറിഞ്ഞാലേ തര്‍ല എന്ന ഹിന്ദി സിനിമ കാണുന്നതില്‍ അര്‍ത്ഥമുള്ളൂ.
പാചക വിദഗ്ധ, പാചകപുസ്തക രചയിതാവ്, പാചകഷോകളുടെ അവതാരക, എഴുത്തുകാരി എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് തര്‍ല ദലാല്‍.1974ലാണ് ആദ്യത്തെ പാചകപുസ്തകം ദി പ്ലഷേഴ്‌സ് ഓഫ് വെജിറ്റേറിയന്‍ കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്. അതിന്‌ശേഷംനൂറിലധികം പുസ്തകങ്ങള്‍ എഴുതുകയും 10 ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിക്കുകയും ചെയ്തു.
2007ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച തര്‍ല ദലാല്‍ പാചകമേഖലയില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ഏക വനിതയാണ്.2013 നവംബര്‍ ആറിന് 77ആം വയസിലായിരുന്നു തര്‍ല ദലാലിന്റെ അന്ത്യം.
തര്‍ല ദലാലിന്റെ ജീവിതത്തെ ആസ്പദമാക്കി പിയൂഷ് ഗുപ്ത സംവിധാനം ചെയ്ത തര്‍ല സാധാരണക്കാരിയായ തര്‍ലയില്‍ നിന്ന് അസാധാരണക്കാരിയായ തര്‍ലയിലേക്കുള്ള മാറ്റത്തെ കൃത്യമായി ബോധ്യപ്പെടുത്തുന്ന സിനിമയാണ്.
തര്‍ല ദലാലിന്റെപേര് ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്തവര്‍ക്ക് പോലും ആ പാചകരീതി ഒന്ന് ശ്രമിച്ച് നോക്കാന്‍ ഈ സിനിമ പ്രചോദനമാകും.ഹുമ ഖുറേഷിയാണ് ഇതില്‍ തര്‍ലയുടെ വേഷം അവതരിപ്പിച്ചത്. ഭര്‍ത്താവ് നളിനായി ഷരീബ് ഹാഷ്മി അഭിനയത്തിനപ്പുറം ജീവിതകഥാപാത്രമായി തന്നെ നിറഞ്ഞാടിയിട്ടുണ്ട്.ഇവരുടെ സൗഹൃദവും പ്രണയവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഭാരതി അച്ചിരേക്കര്‍,രാജീവ് പാണ്ഡെ,പൂര്‍ണേന്ദു ഭട്ടാചാര്യ,വീണാ നായര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.വളരെ ലളിതമായി തുടങ്ങി പിന്നീട് വെളിച്ചവും കാറ്റും ചെറിയ മിന്നലും പോലെ സിനിമ മുന്നോട്ടുപോകുമ്പോള്‍ പ്രേക്ഷകനും അതിനൊപ്പം സഞ്ചരിക്കും.ഏറെ രുചിയുള്ളൊരു വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചൊരു പ്രതീതി സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് അനുഭവപ്പെടും.