ഇരുചക്ര വാഹനത്തിൽ കുട്ടികളെ കൊണ്ടു പോകുന്നതിന് ഇളവ് സാധ്യമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. എളമരം കരീം എംപിയുടെ കത്തിനു നൽകിയ മറുപടിയിൽ കേന്ദ്ര ഉപരിതല - ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ അഞ്ച് മുതല്‍ കേരളത്തില്‍ എഐ ക്യാമറ കണ്ടെത്തുന്ന റോഡ് നിയമലംഘനങ്ങള്‍ക്ക പിഴയീടാക്കാനിരിക്കെയാണ് കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഇരുചക്ര വാഹനത്തില്‍ മൂന്നാമതായി 10 വയസ്സു വരെയുള്ള കുട്ടിയാണ് ഉള്ളതെങ്കില്‍ ഇളവ് അനുവദിക്കണം എന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ സാധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്‌താൽ പിഴ ഈടാക്കില്ലെന്നും സംസ്ഥാന ഗതാഗത മന്ത്രി ആൻ്റണി രാജു വ്യക്തമാക്കിയിരുന്നു. മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി 12 വയസിൽ താഴെയുള്ള ഒരു കുട്ടിയെ കൂടി ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപെട്ടത്. ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്താല്‍ 1000 രൂപയാണ് പിഴ.