മെഡിക്കല്‍, ഡെന്റല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ മുതല്‍ 5.20 വരെയാണ് പരീക്ഷ. രാജ്യത്തെ 499 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലും പരീക്ഷാകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്താകെ 20,59,006 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ 1.28 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 11.30 മുതല്‍ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിക്കാം. ആധാര്‍, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, പ്ലസ്ടു അഡ്മിറ്റ് കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഹാജര്‍ രേഖയില്‍ പതിക്കാനുള്ള ഫോട്ടോയും അഡ്മിറ്റ് കാര്‍ഡും ഹാജരാക്കണം. 1.30-ന് പരീക്ഷ കേന്ദ്രത്തിന്റെ ഗേറ്റ് അടയ്ക്കും. 1.40ന് ശേഷം ഹാളില്‍ കടത്തി വിടില്ല. സുതാര്യമായ വെള്ളക്കുപ്പി കൊവശംവയ്ക്കാം. ഷൂസ്, ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ അനുവദിക്കില്ല. അതേസമയം സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മണിപ്പൂരില്‍ നീറ്റ് പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.