Share this Article
Union Budget
പെരുമ്പാവൂര്‍ കള്ളനോട്ട് കേസ്; അന്വേഷണത്തിന് കേരള പൊലീസ് പശ്ചിമബംഗാളിലേക്ക്
Defendant

പെരുമ്പാവൂരില്‍ കള്ളനോട്ട് പിടികൂടിയ കേസിലെ തുടരന്വേഷണത്തിനായി പൊലീസ് പശ്ചിമബംഗാളിലേക്ക് തിരിക്കും. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് റാക്കറ്റിനെ കുടുക്കുകയാണ് ലക്ഷ്യം.  അതേസമയം രാജ്യാന്തര ബന്ധമുള്ള കേസി അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാനും പൊലീസ് ആലോചിക്കുന്നുണ്ട്.


പെരുമ്പാവൂര്‍ നിന്നും ഏതാനും ദിവസം മുമ്പാണ് കള്ളനോട്ടുമായി ബംഗ്ലാദേശ് അലൈപ്പൂര്‍ സ്വദേശി സലീം മണ്ഡലിനെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ കഴിഞ്ഞ 18 വര്‍ഷമായി ഇയാള്‍ കേരളത്തില്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് കഴിയുന്ന വിവരങ്ങളും പൊലീസിന് ലഭിച്ചു. ഏറ്റവും ഒടുവില്‍ 500ന്റെ 50ല്‍ അധികം നോട്ടുകളുമായാണ് സലീം കേരളത്തില്‍ എത്തിച്ചത്. ഇതില്‍ 17 നോട്ടുകളാണ് റെയില്‍വേ പൊലീസിന്റെ റെയ്ഡിനിടെ പിടികൂടിയത്. 


ബംഗ്ലാദേശില്‍ അച്ചടിക്കുന്ന കള്ളനോട്ടുകള്‍ കേരളത്തില്‍ വിനുമയം നടത്തുന്നതാണ് സലിം മണ്ഡലിന്റെ രീതി. സലീം വിനിയോഗിച്ച കള്ള നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയതും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ബാങ്കുകളിലാണ് കള്ളനോട്ടുകള്‍ ലഭിച്ചത്. 50ലധികം നോട്ടുകള്‍ക്ക് പുറമേ വന്‍തോതില്‍ പണവും ഇയാള്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ ഫോണില്‍ നിന്ന് കള്ളനോട്ടിന്റെ ചിത്രങ്ങളടക്കം നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇന്ത്യയില്‍ നിന്ന് നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന പേപ്പറും മഷിയും ഇയാള്‍ ബംഗ്ലാദേശില്‍ എത്തിച്ചിരുന്നു. 


കള്ളനോട്ട് കൊടുത്ത് മൊബൈല്‍ ഫോണുകള്‍ വാങ്ങി അത് ബംഗ്ലാദേശില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതാണ് സലിം മണ്ഡലിന്റെ രീതി. അമ്പത് ഫോണുകള്‍ വാങ്ങിയ ശേഷം ഇത് ബംഗ്ലാദേശില്‍ എത്തിക്കും. കഴിഞ്ഞ 18 വര്‍ഷമായി കേരളത്തില്‍ കഴിയുന്ന സലിം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിയമ സഹായങ്ങളും നല്‍കിയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് പെരുമ്പാവൂരിലെ രണ്ട് മൊബൈല്‍ കടകളുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ആധാര്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ പൊലീസ് കണ്ടെത്തിയത്. 


എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരിലേക്ക് അന്വേഷണം എത്തിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കള്ളനോട്ട് കേസില്‍ രാജ്യന്തര ബന്ധങ്ങള്‍ ഉള്ളതിനാല്‍ കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാനും പൊലീസ് ആലോചിക്കുന്നുണ്ട്. സലിം മണ്ഡലിനെ പൊലീസ് സ്റ്റേഷനില്‍ എത്തി കേന്ദ്ര ഇന്റലിജന്‍സും ചോദ്യം ചെയ്തിരുന്നു. 





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories