'ജി' സീരീസിൽ പുതിയ ഫോൺ അവതരിപ്പിച്ച് മോട്ടറോള. മോട്ടോ ജി പവർ 5 ജി എന്ന പേരിലിറങ്ങിയ പുതിയ ഫോൺ, കഴിഞ്ഞ വർഷം പുറത്തിറക്കിയ മോട്ടോ ജി പവർ 2022 ന്റെ നവീകരിച്ച പതിപ്പാണ് . 6.5 ഇഞ്ച് FHD+ ഡിസ്പ്ലേ, 120Hz റീഫ്രഷ് റേറ്റ്, 2400 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.5-ഇഞ്ച് ഫുൾഎച്ച്ഡി + ഡിസ്പ്ലേ എന്നിവയാണ് ഫോണിൻ്റെ പ്രധാന സവിശേഷതകൾ.
2-മെഗാപിക്സൽ ഡെപ്ത് സെൻസറും 2-മെഗാപിക്സൽ മാക്രോ ലെൻസുമായി സംയോജിച്ച് പ്രവർത്തിക്കുന്ന എഫ് / 1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസർ ആണ് ഫോണിൻ്റെ പിൻ ക്യാമറയുടെ കരുത്ത്. ഫോണിൻ്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി F / 2.4 അപ്പേർച്ചർ ഉള്ള 16 മെഗാപിക്സൽ ക്യാമറയുമുണ്ട്.
ആൻഡ്രോയിഡ് 13 ഒ എസിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 2.2GHz ക്ലോക്ക് സ്പീഡ് ഉള്ള 6 നാനോമീറ്റർ ഫാബ്രിക്കേഷനുകളിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 930 ഒക്ടാ കോർ പ്രോസസർ ഉണ്ട്. അതേസമയം ഗ്രാഫിക്സിനായി IMG 256 GPU ഫോണിൽ നൽകിയിട്ടുണ്ട്.
5,000 എംഎഎച്ച് ബാറ്ററിയുമായി മോട്ടറോള തങ്ങളുടെ പുതിയ മൊബൈൽ ഫോൺ വിപണിയിൽ അവതരിപ്പിച്ചു. 15W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയാണ് ഈ സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും, മോട്ടോ ജി പവർ 5 ജി ഫോണിന്റെ ബോക്സിൽ 10W ചാർജർ മാത്രമേ നൽകൂ എന്നും കമ്പനി വ്യക്തമാക്കി.
മോട്ടോ ജി പവർ 5ജി രണ്ട് മെമ്മറി വേരിയന്റുകൾ കമ്പനി വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അടിസ്ഥാന മോഡൽ 4 ജിബി റാമിനൊപ്പം 128 ജിബി സ്റ്റോറേജും ടോപ്പ് വേരിയന്റിൽ 6 ജിബി റാമും 256 ജിബി സ്റ്റോറേജും നൽകുന്നു. ഈ ഫോണിന്റെ വില ആരംഭിക്കുന്നത് 299.99 യുഎസ് ഡോളർ മുതലാണ് ( ഏകദേശം 24,500 രൂപ). മോട്ടോ ജി പവർ 5G ഇന്ത്യയിൽ എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല