Share this Article
Union Budget
ആപ്പ് ഉപയോഗിച്ച് 7 സെക്കന്റിനുള്ളില്‍ ഹൃദ്രോഗം കണ്ടെത്താം.... നിര്‍മിച്ചത് 14കാരന്‍; വൈദ്യശാസ്ത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച് സിദ്ധാര്‍ത്ഥ്
വെബ് ടീം
posted on 24-03-2025
1 min read
Siddharth Nandyala

വൈദ്യശാസ്ത്ര ലോകത്ത് വിസ്മയം തീര്‍ത്ത് ഒരു 14 വയസുകാരന്‍. അമേരിക്കയിലെ ഡാളസില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് നന്ത്യാലയാണ് വൈദ്യശാസ്ത്ര ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള കണ്ടുപിടിത്തവുമായി എത്തിയത്. വെറും 7 സെക്കന്റിനുള്ളില്‍ ഹൃദ്രോഗം കണ്ടെത്താന്‍ സഹായിക്കുന്ന 'സിര്‍കാഡിയന്‍' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പാണ് സിദ്ധാര്‍ത്ഥ് നിര്‍മിച്ചിട്ടുള്ളത്. ഹൃദ്രോഗം നേരത്തേ കണ്ടുപിടിച്ച് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ഈ ആപ്പ് ഇതിനോടകം തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. 

ആന്ധ്രാപ്രദേശിലെ അനന്തപുരം സ്വദേശിയാണ് സിദ്ധാര്‍ത്ഥ്. കുട്ടിക്കാലം മുതലേ സാങ്കേതികവിദ്യയോടും വൈദ്യശാസ്ത്രത്തോടുമുള്ള അടങ്ങാത്ത കൗതുകമാണ് സിദ്ധാര്‍ത്ഥിനെ ഈ കണ്ടുപിടിത്തത്തിലേക്ക് എത്തിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ ഒറാക്കിള്‍, ARM തുടങ്ങിയ പ്രമുഖ കമ്പനികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയ സിദ്ധാര്‍ത്ഥ്, ഈ കണ്ടുപിടിത്തത്തിലൂടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ AI വിദഗ്ധരില്‍ ഒരാളായി മാറി. 

'സിര്‍കാഡിയന്‍' ആപ്പിന്റെ പ്രവര്‍ത്തനം ലളിതമാണ്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഹൃദയമിടിപ്പ് രേഖപ്പെടുത്തുകയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയിലൂടെ അതിനെ വിശകലനം ചെയ്യുകയും ചെയ്യുന്നു. വെറും 7 സെക്കന്‍ഡിനുള്ളില്‍ ഹൃദ്രോഗം ഉണ്ടോ എന്ന് കൃത്യമായി അറിയാന്‍ സാധിക്കുമെന്നതും, 96 ശതമാനത്തിലധികം കൃത്യതയുണ്ടെന്നതും ഈ ആപ്പിനെ കൂടുതല്‍ ജനപ്രിയമാക്കുന്നു. അമേരിക്കയില്‍ 15,000-ത്തിലധികം ആളുകളിലും, ഇന്ത്യയില്‍ 700-ല്‍ അധികം പേരിലും ഈ ആപ്പ് പരീക്ഷിച്ചു വിജയിച്ചു. ആന്ധ്രാപ്രദേശ് സര്‍ക്കാരും ഈ ആപ്പ് ഇപ്പോള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഗുണ്ടൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ഈ കണ്ടുപിടുത്തത്തെക്കുറിച്ച് അറിഞ്ഞ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു സിദ്ധാര്‍ത്ഥിനെ നേരില്‍ വിളിച്ച് അഭിനന്ദിക്കുകയും, എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഹൃദ്രോഗം നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗികള്‍ക്ക് എത്രയും പെട്ടെന്ന് ചികിത്സ ആരംഭിക്കാന്‍ സാധിക്കും. ഇത് ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ, രോഗം കണ്ടെത്താനുള്ള ചെലവ് കുറയ്ക്കാനും, പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും ഈ ആപ്പ് ഉപകരിക്കും. സാധാരണക്കാര്‍ക്ക് പോലും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു ആപ്പ് എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ കണ്ടുപിടുത്തം ലോകമെമ്പാടുമുള്ള സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories