പാർട്ടി ദേശീയ നേതൃത്വത്തിന്റെ അപ്രതീക്ഷിത നോമിനിയായി മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക്. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കു പിന്നാലെ അവസാന നിമിഷവും സസ്പെൻസ് നിലനിർത്തിയായിരുന്നു തീരുമാനം. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും. കേരള നേതൃത്വത്തിനു രാജീവിന്റെ വരവ് അപ്രതീക്ഷിതമാണ്. സംസ്ഥാന നേതാക്കളിൽനിന്ന് ഒരാളെ തീരുമാനിച്ചാൽ കേരളത്തിലെ ഗ്രൂപ്പ് തർക്കം തുടരുമെന്നും പുതിയ നേതാവ് വേണമെന്നും കേരളത്തിന്റെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന ദേശീയ ജനറൽ സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിൽ രാജീവ് ചന്ദ്രശേഖറിനായിരുന്നു മുൻതൂക്കം.