രണ്ടാം പിണറായി സര്‍ക്കാറിന്റെ അഞ്ചാം ബജറ്റ് പ്രഖ്യാപനത്തില്‍ കെഫോണ്‍ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത് 100 കോടി രൂപ. നെറ്റുവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്.
സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പുനല്‍കുന്ന കെഫോണ്‍ പദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും പദ്ധതിയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ എംഡിയുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് പറഞ്ഞു.
ഏറെ പ്രതീക്ഷയോടെയാണ് ഈ ബജറ്റ് പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്. 100 കോടി രൂപ കെ ഫോണിനായി വകയിരുത്തിയതിലൂടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും. മികച്ചതും കൂടുതല്‍ വിശ്വസനീയവുമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സേവനങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തുടനീളം ലഭ്യമാക്കുമെന്ന കെ ഫോണിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് ആക്കം കൂട്ടുകയാണ് സര്‍ക്കാരിന്റെ ഈ ബജറ്റ് പ്രഖ്യാപനം.
നിലവില്‍ 24080 സര്‍ക്കാര്‍ ഓഫീസുകളും 49773 വാണിജ്യ കണക്ഷനുകളും 5236 ബി.പി.എല്‍ കണക്ഷനുകളും 65 ഐ.എല്‍.എല്‍ കണക്ഷനുകളും 255 എസ്.എം.ഇ കണക്ഷനുകളുമുള്‍പ്പടെ 79409 കണക്ഷനുകളാണ് കെഫോണ്‍ പദ്ധതി വഴി നല്‍കിയിരിക്കുന്നത്. 2025 മാര്‍ച്ച് മാസത്തോടെ ഒരു ലക്ഷം കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.