Share this Article
Latest Business News in Malayalam
സെബിയെ നയിക്കാൻ ഇനി തുഹിൻ കാന്ത പാണ്ഡെ; തിങ്കളാഴ്ച ചുമതലയേൽക്കും
വെബ് ടീം
posted on 28-02-2025
1 min read
tuhin kanta pandey

ന്യൂഡൽഹി: ഓഹരിവിപണി‌ നിയന്ത്രണ ഏജൻസിയായ സെബിയുടെ മേധാവിയായി‌ തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചിരിക്കുന്നത്. നിലവിലെ ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തുഹിൻ കാന്ത പാണ്ഡെയെ സെബിയുടെ തലവനായി നിയമിച്ചിരിക്കുന്നത്.മാർച്ച് 1 അവധിയായതിനാൽ തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക.

ഇതോടെ നാല് സാമ്പത്തിക നിയന്ത്രണ ഏജൻസികളിൽ മൂന്നെണ്ണം ഐഎഎസ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലാണ് പ്രവർത്തിക്കുക. ദീപക് മൊഹന്തി നേത്യത്വം നൽകുന്ന പെൻഷൻ നിയന്ത്രണ ഏജൻസി മാത്രമാണ് ഇതിൽ നിന്ന് വ്യത്യസ്ഥമായി നിൽകുന്നത്.

2025 ഫെബ്രുവരി 17 ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തുഹിൻ കാന്ത പാണ്ഡെ സെബി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് അപേക്ഷ നൽകിയിരുന്നു. സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അജയ് സേത്ത്, പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിൻ, സെബിയിലെ മുഴുവൻ സമയ അംഗം കെസി വാർഷ്‌നി എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു.

1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണു തുഹിൻ കാന്ത പാണ്ഡെ. നിലവിൽ കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ‌ സെക്രട്ടറിയുമാണ് സേവനം അനുഷ്ഠിക്കുന്നത്. മുൻപ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറിയായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരിവിൽപനയിലൂടെ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഹരിവിപണിയുടെ ഭാഗമായത് പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു.

നിലവിലെ സെബി ചെയർപേഴ്‌സൺ മാധവി പുരി ബുച്ചിന്റെ കാലാവധി മാർച്ച് 1 ന് അവസാനിക്കും. 2022 മാർച്ച് 2 നാണു മാധവി പുരി ബുച്ചി അധികാരം ഏറ്റെടുത്തത്. ഇതോടെ മാധവി സെബിയെ നയിക്കുന്ന ആദ്യവനിതയായി. 2017 മാർച്ച് മുതൽ 2022 ഫെബ്രുവരി വരെ അഞ്ച് വർഷം സേവനമനുഷ്ഠിച്ച അജയ് ത്യാഗിയുടെ പിൻഗാമിയായായാണ് മാധവി പുരി ബുച്ച് ചുമതലയേറ്റത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories