Share this Article
Latest Business News in Malayalam
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
വെബ് ടീം
posted on 21-03-2025
1 min read
BANK

ന്യൂഡൽഹി: മാര്‍ച്ച് 24, 25 തിയതികളില്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. സെൻട്രൽ ലേബർ കമ്മീഷണറുമായി യൂണിയനുകൾ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം. തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഗണിക്കാമെന്ന് സെൻട്രൽ ലേബർ കമ്മീഷണർ ഉറപ്പുനൽകി.

ഒമ്പത്‌ പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്‌ബിയു)വാണ് ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. എല്ലാ തസ്തികളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാർ, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിങ്‌ നടപ്പാക്കുക, ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്കരിക്കുക, ഐഡിബിഐ ബാങ്ക് സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്‌.

മാർച്ച് 22 നാലാം ശനിയും 23 ഞായറുമാണ്. 24, 25 തിയതികളിൽ പണിമുടക്ക് നടന്നിരുന്നുവെങ്കിൽ തുടർച്ചയായി നാല് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. മാർച്ച് 30- ഞായർ, മാർച്ച് 31- ചെറിയപെരുന്നാൾ, ഏപ്രിൽ ഒന്ന്- കണക്കെടുപ്പ് എന്നിവായായതിനാൽ ആ ദിവസങ്ങളിൽ വീണ്ടും ബാങ്ക് അടഞ്ഞ് കിടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories