നല്ല ശീലങ്ങളായാലും ദുശ്ശീലങ്ങളായാലും കുട്ടികൾ കൂടുതലും പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. അതുകൊണ്ട് തന്നെ, കുട്ടികൾ നല്ല വ്യക്തികളായി വളരുന്നതിന് മാതാപിതാക്കൾ നല്ല ശീലങ്ങൾ അവരെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. നല്ല സ്വഭാവത്തോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കേണ്ടത് പ്രധാനമാണ്. ചെറുപ്പം മുതലേ പണത്തിന്റെ മൂല്യവും സമ്പാദ്യത്തിന്റെ ആവശ്യകതയും കുട്ടികളെ പഠിപ്പിക്കണം. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ മക്കൾക്ക് പകർന്നു നൽകേണ്ട ചില സാമ്പത്തിക ശീലങ്ങൾ ഇതാ, ഇത് കുട്ടികൾക്ക് ജീവിതത്തിൽ വിജയം നേടുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും സഹായിക്കും.
കുട്ടിക്കാലം മുതലേ സാമ്പത്തിക വിദ്യാഭ്യാസം ആരംഭിക്കുക
കുട്ടികൾ ചെറുതായിരിക്കുമ്പോൾ തന്നെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അവരെ പഠിപ്പിക്കാൻ തുടങ്ങണം. സമ്പാദ്യം, പണത്തിന്റെ വില തുടങ്ങിയ കാര്യങ്ങൾ കുട്ടിക്കാലം മുതലേ പറഞ്ഞു കൊടുക്കണം. ഇതിനായി ഒട്ടും വൈകരുത്. എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും നല്ലത്.
ചെറിയ സമ്പാദ്യത്തിന്റെ പ്രാധാന്യം
ചെറിയ സമ്പാദ്യങ്ങൾ എങ്ങനെ വലിയൊരു തുകയായി മാറ്റാമെന്ന് കുട്ടികളെ പഠിപ്പിക്കുക. പലിശയെക്കുറിച്ചും കൂട്ടുപലിശയുടെ വളർച്ചയെക്കുറിച്ചും ലളിതമായി വിശദീകരിക്കുക. കുട്ടികളെ സമ്പാദ്യം ശീലിക്കാൻ പ്രോത്സാഹിപ്പിക്കുക. അവർക്ക് ഒരു കുടുക്ക വാങ്ങി നൽകി അതിൽ പൈസ നിക്ഷേപിക്കാൻ പറയുക. ഇത് സമ്പാദ്യശീലം വളർത്താൻ സഹായിക്കും.
അനാവശ്യ ചിലവും അത്യാവശ്യ ചിലവും തമ്മിൽ വേർതിരിക്കാൻ പഠിപ്പിക്കുക
അത്യാവശ്യമായ ചിലവുകൾ എന്താണെന്നും, അനാവശ്യമായ ചിലവുകൾ ഏതെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുക്കൂ. അത്യാവശ്യമായ കാര്യങ്ങൾക്ക് മാത്രം പണം ചെലവഴിക്കാൻ കുട്ടികളെ പഠിപ്പിക്കുക. ഇഷ്ടങ്ങൾ നിയന്ത്രിക്കാനും അവരെ പരിശീലിപ്പിക്കുക. അനാവശ്യമായ കളിപ്പാട്ടങ്ങൾക്കും മറ്റു വസ്തുക്കൾക്കും വേണ്ടി വാശി പിടിക്കുമ്പോൾ അതിൻ്റെ ദോഷവശങ്ങൾ പറഞ്ഞു മനസിലാക്കുക.
ദീർഘകാല നിക്ഷേപത്തിന്റെ ഗുണങ്ങൾ:
ദീർഘകാല നിക്ഷേപങ്ങളെക്കുറിച്ചും അതിൻ്റെ പ്രയോജനങ്ങളെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക. ദീർഘകാല നിക്ഷേപം എങ്ങനെ പണം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അവരെ പഠിപ്പിക്കുക. ചെറിയ പ്രായത്തിൽ തന്നെ നിക്ഷേപം തുടങ്ങുന്നതിൻ്റെ ഗുണങ്ങൾ മനസിലാക്കികൊടുക്കുക.
സ്വന്തമായി ബിസിനസ് തുടങ്ങാൻ പ്രോത്സാഹിപ്പിക്കുക:
കുട്ടിക്കാലം മുതലേ ബിസിനസ് തുടങ്ങാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ബിസിനസ്സും ജോലിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് കൊടുക്കുക. സ്വന്തമായി ബിസിനസ്സ് ആശയങ്ങൾ കണ്ടെത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. അവരുടെ കഴിവുകൾ ഉപയോഗിച്ച് ചെറിയ വരുമാനം നേടാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹനം നൽകുക.