ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ ഈ വർഷം അവസാനത്തോടെ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുകയാണ്. ഏകദേശം 1 ബില്യൺ ഡോളർ (ഏകദേശം 8500 കോടി രൂപ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മണി കൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച്, ഐപിഒയുടെ നടത്തിപ്പിനായി മോർഗൻ സ്റ്റാൻലി, കോട്ടക് മഹീന്ദ്ര ക്യാപിറ്റൽ, സിറ്റി എന്നിവരെ പ്രധാന ബാങ്കർമാരായി മീഷോ നിയമിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ തന്നെ സെബിക്ക് മുന്നിൽ ഡ്രാഫ്റ്റ് രേഖകൾ സമർപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.
സോഫ്റ്റ്‌ബാങ്കിന്റെ പിന്തുണയുള്ള മീഷോ ഏകദേശം 10 ബില്യൺ ഡോളർ മൂല്യമാണ് ലക്ഷ്യമിടുന്നത്. 2024 ൽ രേഖപ്പെടുത്തിയ 3.9 ബില്യൺ ഡോളർ മൂല്യത്തേക്കാൾ 2.5 മടങ്ങ് അധികമാണിത്. ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഐപിഒയിലൂടെ കുതിപ്പ് ലക്ഷ്യമിട്ട് മീഷോ
മീഷോയുടെ ഐപിഒ ഇന്ത്യൻ ഇ-കൊമേഴ്‌സ് മേഖലയിൽ ഒരു നിർണ്ണായക വഴിത്തിരിവായേക്കും. ചെറുകിട വ്യാപാരികളെയും ഉപഭോക്താക്കളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോം ഇതിനോടകം തന്നെ വിപണിയിൽ ശക്തമായ സ്വാധീനം ഉറപ്പിച്ചു കഴിഞ്ഞു.
2024 ൽ മീഷോയുടെ സാമ്പത്തിക സ്ഥിതിയിലും ശ്രദ്ധേയമായ പുരോഗതി ഉണ്ടായിട്ടുണ്ട്. കമ്പനിയുടെ മൊത്തം വരുമാനം 7,615 കോടി രൂപയായി ഉയർന്നു. 2022 ൽ ഇത് 3,240 കോടി രൂപയായിരുന്നു. മാത്രമല്ല, മീഷോയുടെ നഷ്ടം ഗണ്യമായി കുറയ്ക്കാനും സാധിച്ചു. 2022 ൽ 3248 കോടി രൂപയായിരുന്നത് 2024 ൽ 305 കോടി രൂപയായി കുറഞ്ഞു. ഇത് കമ്പനിയുടെ ശക്തമായ വളർച്ചാ തന്ത്രത്തെയും മെച്ചപ്പെട്ട ലാഭക്ഷമതയെയും സൂചിപ്പിക്കുന്നു.
ഇന്ത്യൻ ഇ-കൊമേഴ്‌സിൽ മീഷോയുടെ ആധിപത്യം വർധിക്കുമോ?
മീഷോയുടെ ഐപിഒ ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണിയിൽ പുതിയ സാധ്യതകൾ തുറന്നേക്കാം. താങ്ങാനാവുന്ന വിലയിലുള്ള ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയുള്ള ടയർ-3 നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കമ്പനി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ്. ഈ തന്ത്രം ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള വലിയ കളിക്കാരെക്കാൾ വേഗത്തിൽ വളരാൻ മീഷോയെ സഹായിച്ചു.
മീഷോയുടെ ഈ നീക്കം ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപകരും ഈ ഐപിഒയെ ആകാംഷയോടെ ഉറ്റുനോക്കുന്നു. ലിസ്റ്റിംഗ് വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ, ഇത് ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഒരു വലിയ നേട്ടമായിരിക്കും.
Disclaimer: ഈ ലേഖനം വിവരങ്ങൾ നൽകുന്നതിന് വേണ്ടി മാത്രമുള്ളതാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തികപരമായ കാര്യങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കുക അല്ലെങ്കിൽ സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടുന്നത് ഉചിതമാണ്.