ന്യൂഡൽഹി: ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ നേടിയ 200 കോടിയോളം രൂപയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്താൻ വാട്സാപ്പ് സന്ദേശങ്ങൾ തെളിവായെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ആദായനികുതി ബിൽ, 2025-ലെ വ്യവസ്ഥകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു അവർ.
നികുതി വെട്ടിപ്പും സാമ്പത്തിക തട്ടിപ്പുകളും ഫലപ്രദമായി തടയുന്നതിന് ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ പരിശോധിക്കാൻ ആദായനികുതി ഉദ്യോഗസ്ഥർക്ക് അധികാരം നൽകേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. സമീപകാലത്ത് നടന്ന ചില കണ്ടെത്തലുകൾ ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി.
"മൊബൈൽ ഫോണുകളിലെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ പരിശോധിച്ചതിലൂടെ 250 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്താനായി. ക്രിപ്റ്റോ ആസ്തികളുമായി ബന്ധപ്പെട്ട വാട്സാപ്പ് തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ വാട്സാപ്പ് സംഭാഷണങ്ങൾ 200 കോടി രൂപയുടെ വെളിപ്പെടുത്താത്ത പണം കണ്ടെത്താൻ സഹായിച്ചു," മന്ത്രിയുടെ വാക്കുകൾ മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.
ഇതുമാത്രമല്ല, പണം ഒളിപ്പിച്ച സ്ഥലങ്ങൾ കണ്ടെത്താൻ ഗൂഗിൾ മാപ്‌സ് ഹിസ്റ്ററിയും, ബിനാമി സ്വത്തുക്കൾ തിരിച്ചറിയാൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും പരിശോധിച്ച സംഭവങ്ങളും മന്ത്രി വിശദീകരിച്ചു.
സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് നികുതി നിയമങ്ങളും മാറേണ്ടതുണ്ട്. ക്രിപ്റ്റോകറൻസികൾ ഉൾപ്പെടെയുള്ള വെർച്വൽ ആസ്തികൾ നികുതിയുടെ പരിധിയിൽ കൊണ്ടുവരാനും നികുതി വെട്ടിപ്പ് തടയാനുമാണ് പുതിയ വ്യവസ്ഥകൾ സഹായിക്കുകയെന്നും നിർമല സീതാരാമൻ പറഞ്ഞു. പുതിയ ബില്ലനുസരിച്ച്, ഇ-മെയിൽ, വാട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള ആശയവിനിമയ സംവിധാനങ്ങൾ, സാമ്പത്തിക ഇടപാടുകൾ മറച്ചുവെക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ, സെർവറുകൾ എന്നിവ പരിശോധിക്കാൻ ആദായനികുതി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും.
കോടതിയിൽ നികുതി വെട്ടിപ്പ് തെളിയിക്കാനും നഷ്ടപ്പെട്ട നികുതി കൃത്യമായി കണക്കാക്കാനും ഡിജിറ്റൽ തെളിവുകൾ അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
1961-ലെ നിലവിലെ ആദായനികുതി നിയമത്തിന് പകരമായാണ് 2025-ലെ പുതിയ ബിൽ അവതരിപ്പിച്ചത്. പഴയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ നിലനിർത്തി, ഭാഷ ലളിതമാക്കാനും കാലഹരണപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കാനുമാണ് ബിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.
വെളിപ്പെടുത്താത്ത വരുമാനത്തിന്റെ പരിധിയിൽ ഡിജിറ്റൽ ടോക്കണുകൾ, ക്രിപ്റ്റോകറൻസികൾ തുടങ്ങിയ വെർച്വൽ ഡിജിറ്റൽ ആസ്തികളെക്കൂടി ഉൾപ്പെടുത്തിയത് പുതിയ ബില്ലിലെ പ്രധാന മാറ്റങ്ങളിലൊന്നാണ്.
പരിശോധനകളുടെ ഭാഗമായി ഉദ്യോഗസ്ഥർക്ക് ഇ-മെയിൽ സെർവറുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഓൺലൈൻ നിക്ഷേപ, വ്യാപാര പ്ലാറ്റ്‌ഫോമുകൾ, ആസ്തി വിവരങ്ങൾ സൂക്ഷിക്കുന്ന വെബ്‌സൈറ്റുകൾ തുടങ്ങിയ ഡിജിറ്റൽ ഇടങ്ങളിൽ പ്രവേശിക്കാനും വിവരങ്ങൾ ശേഖരിക്കാനും ബിൽ അധികാരം നൽകുന്നു. ഇതിനായി ആവശ്യമെങ്കിൽ സുരക്ഷാ കോഡുകൾ മറികടക്കാനും നിയമം അനുവദിക്കുന്നുണ്ട്.