ഓഹരി വിപണിയിലെ സ്ഥിരതയില്ലായ്മയും സാമ്പത്തികപരമായ ആശങ്കകളും നിലനിൽക്കുമ്പോൾ, സ്വർണ്ണത്തിലും വെള്ളിയിലുമായിരുന്നു മിക്ക ആളുകളും നിക്ഷേപം നടത്തിയിരുന്നത്. എന്നാൽ പ്രശസ്ത സാമ്പത്തിക വിദഗ്ധനും "റിച്ച് ഡാഡ് പുവർ ഡാഡ്" എന്ന ബെസ്റ്റ് സെല്ലിംഗ് പുസ്തകത്തിന്റെ രചയിതാവുമായ റോബർട്ട് കിയോസാക്കി ഇപ്പോൾ ഞെട്ടിക്കുന്ന ഒരു നീക്കം നടത്തിയിരിക്കുകയാണ്.
സ്വർണ്ണത്തിലും വെള്ളിയിലുമുള്ള തന്റെ ദീർഘകാല നിക്ഷേപം വിറ്റ് ബിറ്റ്‌കോയിനിലേക്ക് തിരിയുകയാണ് അദ്ദേഹം. വരും വർഷങ്ങളിൽ ബിറ്റ്‌കോയിൻ ഒരു പ്രധാന നിക്ഷേപ മാർഗ്ഗമായി മാറുമെന്നും ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും കിയോസാക്കി പറയുന്നു.
റിച്ച് ഡാഡ് ചാനലിൽ അപ്ലോഡ് ചെയ്ത ഒരു വീഡിയോയിലാണ് കിയോസാക്കി തൻ്റെ ഈ പുതിയ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 1964 മുതൽ താൻ വെള്ളി വാങ്ങിവയ്ക്കാൻ തുടങ്ങിയെന്നും ഇപ്പോൾ വെള്ളിക്ക് ആവശ്യക്കാർ ഏറിയതിനാൽ മികച്ച വില ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. സ്വർണ്ണത്തേക്കാളും വെള്ളിക്കായിരിക്കും കൂടുതൽ ഡിമാൻഡ് എന്നും കിയോസാക്കി പറയുന്നു. ഈ അവസരം ഉപയോഗിച്ച് വെള്ളി വിറ്റ് ബിറ്റ്‌കോയിൻ വാങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
1964-ൽ വെറും 10 സെൻറ് ആയിരുന്നു ഒരു ഔൺസ് വെള്ളിയുടെ വില. ഇപ്പോഴത് 30 ഡോളറിലേക്ക് എത്തിയിരിക്കുന്നു. ഡോളറിൻ്റെ മൂല്യം കുറയുന്നതനുസരിച്ച് ബിറ്റ്‌കോയിൻ കൂടുതൽ ശക്തിപ്പെടുമെന്നും കിയോസാക്കി പറയുന്നു. അമേരിക്കൻ ഡോളറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് ബിറ്റ്‌കോയിനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക ഓരോ 90 ദിവസത്തിലും ട്രില്യൺ കണക്കിന് ഡോളർ കടമെടുക്കുന്നു. ഈ കടം എങ്ങനെ തിരിച്ചടയ്ക്കുമെന്നതിനെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല. അതുകൊണ്ട് തന്നെ ഡോളറിൽ വിശ്വാസമില്ലെന്നും കിയോസാക്കി തുറന്നുപറഞ്ഞു. വീഡിയോയുടെ അവസാനത്തിൽ തന്റെ സുഹൃത്തും അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെക്കുറിച്ചും കിയോസാക്കി സംസാരിക്കുന്നുണ്ട്.
എന്നാൽ രസകരമായ വസ്തുതയെന്തെന്നാൽ, ഏതാനും ദിവസങ്ങൾക്ക് മുൻപ് ബിറ്റ്‌കോയിൻ സുരക്ഷിത നിക്ഷേപ മാർഗ്ഗമല്ലെന്നും ഡോളറിനും അതേ അവസ്ഥ വരാമെന്നും കിയോസാക്കി അഭിപ്രായപ്പെട്ടിരുന്നു. എന്നിട്ടും ഇപ്പോൾ വെള്ളി വിറ്റ് ബിറ്റ്‌കോയിൻ വാങ്ങാനുള്ള തീരുമാനം നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
മറ്റൊരു വശത്ത്, ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒരാളായ വാറൻ ബഫറ്റ് ബിറ്റ്‌കോയിൻ 20 ഡോളറിൽ എത്തിയാലും വാങ്ങാൻ തയ്യാറല്ലെന്ന് തറപ്പിച്ച് പറയുന്നു. ബിറ്റ്‌കോയിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൽ മാറ്റമില്ലെന്ന് ഇത് വ്യക്തമാക്കുന്നു.
കിയോസാക്കിയുടെ ഈ പുതിയ നീക്കം ബിറ്റ്‌കോയിൻ ലോകത്ത് വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ തീരുമാനത്തെ എങ്ങനെ വിലയിരുത്തണമെന്നറിയാതെ പല നിക്ഷേപകരും ആശയക്കുഴപ്പത്തിലാണ്.