കേരളത്തിൽ നാട്ടാനകളുടെ എണ്ണം കുറയുനതായി വിവരവാകാശ രേഖ. 369 നാട്ടാനകൾ മാത്രമാണ് ഇന്ന് സംസ്ഥാനത്തുള്ളതെന്നാണ് വിവരാവകാശ രേഖ വഴി വ്യക്തമാകുന്നത്.
303 ആണാനകളും മോഴയാനകളും 66 പെണ്ണാനകളും അടക്കം 369 നാട്ടാനകളാണ് ഇന്ന് കേരളത്തിലുള്ളത്. ഇടുക്കി ജില്ലയിലുള്ള 76 വയസ് പ്രായമുള്ള പെണ്ണാനയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ ആന.
ഇടുക്കിയിൽ തന്നെയാണ് ഏറ്റവും കൂടുതൽ പെണ്ണാനകളും ഉള്ളത്. 23 എണ്ണം. ഏറ്റവും കൂടുതൽ നാട്ടാനകൾ ഉള്ളത് തൃശൂർ ജില്ലയിലാണ്.
108 ആനകളാണ് തൃശൂരിൽ ഉള്ളത്. കാസർഗോഡ് ജില്ലയിൽ ഒരാന പോലുമില്ലെന്ന് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിൽ ലഭിച്ച മറുപടി.
2007 മുതലാണ് നാട്ടാനകളുടെ എണ്ണം കേരളത്തിൽ കുറഞ്ഞുതുടങ്ങിയത്. അന്നു കേരളത്തിൽ ആയിരത്തോളം ആനകൾ ഉണ്ടായിരുന്നു. 17വർഷത്തെ കണക്കുകൾ വിലയിരുത്തുമ്പോൾ, സംസ്ഥാനത്ത് ഒരു വർഷം ശരാശരി 28 നാട്ടാനകൾ ചരിയുന്നുണ്ട്.
ആനപിടിത്തം നിർത്തിയതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ വിലയ്ക്കു വാങ്ങി എത്തിക്കാൻ പറ്റാത്തതുമാണു നാട്ടാനകളുടെ എണ്ണം കുറയാൻ കാരണം. പരിപാലനച്ചെലവ് ഏറിയതും കാരണമാണ്.
1977ൽ ആണ് വനംവകുപ്പ് സംസ്ഥാനത്ത് ആനപിടിത്തം നിർത്തിയത്. കാട്ടാനകളെ ഷെഡ്യൂൾ ഒന്ന് പട്ടികയിൽപെടുത്തിയതോടെ ആനത്താവളങ്ങളിൽ കൊണ്ടുവന്നു ചട്ടം പഠിപ്പിക്കുന്ന രീതി നിലച്ചത്.
2003ലെ എലിഫന്റ് മാനേജ്മെന്റ് നിയമമനുസരിച്ച് സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ആനകളെ കേരളത്തിൽ വളർത്താൻ കഴിയില്ല.
ഇതോടെ ബിഹാർ, അസം ആനകളും എത്താതെയായി.ആനകളെ പരിപാലിക്കാൻ ഭീമമായ ചെലവ് ഉള്ളതിനാലാണ് ആനകളെ ആരും പുതുതായി വാങ്ങാൻ തയ്യാറാകാത്തതെന്നാണ് ആനയുടമകൾ പറയുന്നത്.