ഹമാസിനു മുന്നില്‍ നിലപാട് കടുപ്പിച്ച് ഇസ്രയേല്‍. ഒന്നുകില്‍ കീഴടങ്ങള്‍ അല്ലെങ്കില്‍ മരണം. ഹമാസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ഹമാസിനു മുന്നില്‍ രണ്ട് വഴികളാണ് ഇസ്രയേല്‍ മുന്നോട്ട് വെയ്ക്കുന്നത്. ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക. ലക്ഷ്യം നിറവേറുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഹമാസിനെ തുടച്ചുനീക്കാതെ ഈ യുദ്ധം അവസാനിപ്പിക്കില്ലെന്നു തന്നെയാണ് ഇസ്രയേലിന്റെ തീരുമാനം. ഗാസയില്‍ നിന്ന് ഒരു തരത്തിലുള്ള ഭീഷണിയും ഇസ്രയേലിന്റെ നേര്‍ക്ക് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താന്‍ തങ്ങളുടെ എല്ലാ ശക്തിയും പുറത്തെടുക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ബന്ദിമോചനത്തിനും ചില ഉപാധികള്‍ നേരത്തെ ഇസ്രയേല്‍ മുന്നോട്ടുവെച്ചിരുന്നു.
40 ബന്ദികളെ മോചിപ്പിക്കുകയാണെങ്കില്‍ 15 ദിവസം മുതല്‍ 30 ദിവസം വരെ വെടിനിര്‍ത്താന്‍ തങ്ങള്‍ ഒരുക്കമാണെന്നും ഹമാസ് നിര്‍ദേശിച്ച ഗാസയിലെ ചില ഭാഗങ്ങളില്‍ നിന്ന് ഭാഗികമായോ പൂര്‍ണമായോ പിന്മാറാമെന്നും ഇസ്രയേല്‍ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ബന്ദികള്‍ ഏതെങ്കിലും തരത്തില്‍ കൊല്ലപ്പെടുകയാണെങ്കില്‍ പൂര്‍ണ ഉത്തരവാദിത്വം ഇസ്രയേലിനായിരിക്കുമെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.
ആക്രമണങ്ങള്‍ അവസാനിപ്പിക്കാതെ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറല്ല എന്ന നിലപാടിലേക്ക് എത്തിയ സാഹചര്യത്തിലാണ് കടുത്ത നിലപാടിലേക്ക് ഇസ്രയേല്‍ എത്തിയത്. പത്ത് സൈനികര്‍ കൂടി കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. 720 സൈനിക വാഹനങ്ങള്‍ തകര്‍ത്തെന്ന് ഹമാസും വ്യക്തമാക്കുന്നു. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പോരാട്ടം തുടരാന്‍ തന്നെയാണ് ഹമാസിന്റെ തീരുമാനം. ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത് ചരിത്രപരമായ അബദ്ധങ്ങളാണെന്നും ഹമാസ് ചൂണ്ടിക്കാണിക്കുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇതുവരെ 20,000ത്തോളം ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.