ന്യൂഡല്‍ഹി: പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ നാളെ ഡല്‍ഹിയില്‍ നടക്കാനിരുന്ന യോഗം മാറ്റിവച്ചു. ഡിസംബര്‍ പതിനെട്ടിലേക്കാണ് മാറ്റിയത്. നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജിയും നിതീഷ് കുമാറും അഖിലേഷ് യാദവും അറിയിച്ചു. ഇതേതുടര്‍ന്നാണ് യോഗം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലായിരുന്നു യോഗം വിളിച്ചത്.
യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി അറിയിച്ചിരുന്നു. യോഗത്തിന്റെ തീയതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും നേരത്തേ നിശ്ചയിച്ച മറ്റു പരിപാടികളുണ്ടെന്നും മമത പറഞ്ഞു.
മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപിയുടെ വിജയം കോണ്‍ഗ്രസിന്റെ പരാജയമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞിരുന്നു. മൂന്നു സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിച്ചതും ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളുമായി ഇടപെടലുകള്‍ ഇല്ലാതെ പോയതും കോണ്‍ഗ്രസിനു പറ്റിയ തെറ്റെന്ന് ജെഡിയുവും കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.