Share this Article
image
കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ പറയുമ്പോലൊരു അഭ്യാസം; തോമസ് ഐസക്കിന്റെ കുറിപ്പ്
വെബ് ടീം
posted on 14-12-2023
1 min read
THOMAS ISSAC ON ED

ആലപ്പുഴ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പരിഹസിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. സമന്‍സ് ഇഡി പിന്‍വലിച്ചത് കുറ്റിയും പറിച്ചുകൊണ്ട് ഓടിയതുപോലൊരു അഭ്യാസം എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ തോമസ് ഐസക്ക് പറഞ്ഞത്. ഇനിയും ഇഡിക്ക് അന്വേഷിക്കാം. എന്നാല്‍ എന്തെങ്കിലും തെളിവുമായിട്ടേ വിളിപ്പിക്കാന്‍ കഴിയു. അല്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും തോമസ് ഐസക്ക് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

ഐസക്കിന്റെ കുറിപ്പ്:

എനിക്കെതിരായ സമന്‍സ് ഇഡി നിരുപാധികം പിന്‍വലിച്ചു. കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്നൊക്കെ നമ്മള്‍ പറയാറില്ലേ, അതുപോലൊരു അഭ്യാസം. തങ്ങളുടെ കൈയില്‍ ചില പുതിയ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. സീല് ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാം എന്നൊക്കെ പറഞ്ഞു നോക്കിയതാ. കോടതി ചെവികൊടുത്തില്ല. തെളിവ് ഉണ്ടെങ്കില്‍ കേസെടുത്ത് അന്വേഷിക്ക് എന്നായി കോടതി. 

എനിക്കും അതിനോടു വിരോധമില്ല. എന്റെ റിട്ട് എനിക്കെതിരായി ഒരു അന്വേഷണവും പാടില്ലെന്നല്ല. ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെ ചുറ്റിത്തിരിഞ്ഞുള്ള അന്വേഷണം (roving and fishing expedition) പറ്റില്ലായെന്നു മാത്രമായിരുന്നു വാദം. അതും കോടതി അടിവരയിട്ട് അംഗീകരിച്ചിട്ടുണ്ട്.

വിദേശവിനിമയ നിയമം ലംഘിച്ചെന്നോ കള്ളപ്പണം വെളുപ്പിച്ചെന്നോ വല്ല തെളിവും ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്തോളൂ. വിദേശവിനിമയ നിയമത്തിന്റെ (ഫെമ) നടത്തിപ്പുകാര്‍ റിസര്‍വ്വ് ബാങ്കാണ്. റിസര്‍വ്വ് ബാങ്കിനെ കോടതിയില്‍ വിളിപ്പിക്കണമെന്നുള്ളത് ഞങ്ങളുടെ ആവശ്യമായിരുന്നു. ആറുമാസം സമയമെടുത്തെങ്കിലും റിസര്‍വ്വ് ബാങ്ക് വന്നു. എന്നിട്ടു പറഞ്ഞത് എന്താ?

റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയത്. ആ പണം എന്തിനു വിനിയോഗിച്ചൂവെന്നത് മാസാമാസം കിഫ്ബി റിപ്പോര്‍ട്ട് തന്നിട്ടുണ്ട്. അതിലൊന്നും ഒരു കുറ്റവും അവര്‍ കണ്ടിട്ടില്ല. ഇതുമായി നേരിട്ടു ബന്ധപ്പെടാത്ത മറ്റെന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ അതിനു റിസര്‍വ്വ് ബാങ്കിന് ഉത്തരവാദിത്തമില്ല. ഏതായാലും ഫെമ നിയമലംഘന വാദം പൊളിഞ്ഞു. പിന്നെ എന്തു ഫെമ കേസ്?

എന്തിനായിരുന്നു ഈഡിയുടെ ഈ പണിയൊക്കെ? ഡല്‍ഹിയിലെ രാഷ്ട്രീയ യജമാനന്മാര്‍ പറഞ്ഞിട്ട്. പതിനായിരക്കണക്കിനു കോടിയുടെ ഏര്‍പ്പാടല്ലേ? ഒന്നു തപ്പിയാല്‍ എന്തെങ്കിലും തടയാതിരിക്കില്ല. ഡല്‍ഹിയിലെ യജമാനന്മാരുടെ പാരമ്പര്യം അനുസരിച്ച് ഇങ്ങനെയൊരു ചിന്ത സ്വാഭാവികം.

ഇനി അഴിമതിയൊന്നും ഇല്ലെങ്കിലും കേരള വികസനത്തില്‍ വലിയൊരു കുതിച്ചുചാട്ടത്തിന് അടിത്തറ പാകിക്കൊണ്ടിരിക്കുന്ന കിഫ്ബിയെ അവര്‍ക്കു തകര്‍ക്കണം. ആരൊക്കെയാണ് കിഫ്ബിയില്‍ അന്വേഷിക്കാന്‍ വന്നത്? 

സി&എജി വന്നു- കിഫ്ബിയുടെ വായ്പ ഓഫ് ബജറ്റ് ബോറോയിംഗ് ആണെന്നു വിധിയും പ്രസ്താവിച്ചു. ഇതേ സി&എജി കേന്ദ്ര സര്‍ക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിംഗ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതിന്റെ ഇരട്ടി (ഏതാണ്ട് 4.50 ലക്ഷം) വരുമെന്ന് അതേവര്‍ഷം തന്നെ റിപ്പോര്‍ട്ട് എഴുതിയവരാണ്. പക്ഷേ, കേന്ദ്രത്തിന്റെ വായ്പ അവരുടെ കടത്തില്‍ ഉള്‍പ്പെടുത്തണ്ട. കേരളത്തിന്റേത് ഉള്‍പ്പെടുത്തിയേ തീരൂ. ഈ തര്‍ക്കം ഇപ്പോള്‍ സുപ്രിംകോടതിയിലാണ്.

സി&എജിയെ തുടര്‍ന്ന് ഇന്‍കം ടാക്‌സുകാര്‍ വന്നു. കിഫ്ബി നികുതി അടച്ചില്ലായെന്നാണു കേസ്. കിഫ്ബി അല്ല പ്രൊജക്ട് ടെണ്ടര്‍ വിളിക്കുന്ന എസ്.പി.വികളാണു നികുതി അടച്ചിട്ടുള്ളത്. ഈ നികുതി പ്രത്യേകം കാണിച്ചിട്ടാണു കിഫ്ബി അവര്‍ക്കു പണം നല്‍കിയിട്ടുള്ളത്. കമ്പ്യൂട്ടറിന്റെ പാസ് വേര്‍ഡ് തരാം. നിങ്ങള്‍ സൗകര്യപൂര്‍വ്വം എന്തു രേഖയും പരിശോധിച്ചോളൂ. എന്നു പറഞ്ഞിട്ടൊന്നും അവര്‍ ചെവികൊണ്ടില്ല. 15 അംഗ സംഘം ഒരു പകല്‍ മുഴുവന്‍ മാധ്യമങ്ങളെ സാക്ഷിനിര്‍ത്തി ജീവനക്കാരെ ബന്തവസാക്കി പരിശോധന നടത്തി. 

അടുത്തത് ഈഡിയുടെ ഊഴമായിരുന്നു. ആദ്യം ഉദ്യോഗസ്ഥരെയാണു വിളിപ്പിച്ചത്. ഒരു തവണയല്ല. ഏതാണ്ട് എല്ലാ മാസവും. ഓരോ തവണയും മാധ്യമ ആഘോഷം. ഒരുതവണ വനിതാ ഓഫീസറോട് അപമര്യാദയായി പെരുമാറി. ചോദിച്ചതു തന്നെ വീണ്ടും ചോദിക്കുക. എന്തെങ്കിലും അറിയാനല്ല. അന്വേഷണം നീട്ടിവലിച്ച് നല്ലൊരു ധനകാര്യ സ്ഥാപനത്തെ തകര്‍ക്കാനായിരുന്നു ശ്രമം. 

പിന്നെയാണ് എന്നെ വിളിപ്പിച്ചത്. എന്തെങ്കിലും കുറ്റംപോലും ആരോപിക്കാതെ എന്റെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് കേസ് കൊടുത്തത്. ബഹു. ഹൈക്കോടതി സമന്‍സ് സ്റ്റേ ചെയ്തുകൊണ്ട് ലളിതമായൊരു ചോദ്യം ഈഡിയോട് ചോദിച്ചു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം? ഒന്നരവര്‍ഷമായി ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇഡിക്കു കഴിഞ്ഞില്ല. റിസര്‍വ്വ് ബാങ്കിന്റെ മൊഴികൂടി ആയപ്പോള്‍ കേസിന്റെ കഥ തീര്‍ന്നതാണ്. എന്നാല്‍ മുഖം രക്ഷിക്കാനുള്ള അഭ്യാസങ്ങളുമായി പിന്നെയും കുറേ മാസങ്ങള്‍ വലിച്ചുനീട്ടി.

ഒടുവില്‍ കഥ ഇവിടെ എത്തി നില്‍ക്കുകയാണ്. ഇനിയും ഈഡിക്ക് അന്വേഷിക്കാമല്ലോ. നിശ്ചയമായിട്ടും. പക്ഷേ, എന്തെങ്കിലും തെളിവുമായിട്ടേ എന്നെ വിളിപ്പിക്കാന്‍ കഴിയൂ. അല്ലാത്തപക്ഷം ഞാന്‍ വീണ്ടും കോടതിയെ സമീപിക്കും.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories