മെക്സിക്കോ സിറ്റി: കടലിൽ നീന്തവേ സ്രാവിന്റെ ആക്രമണത്തിൽ 26കാരിയായ യുവതി കൊല്ലപ്പെട്ടു. മെക്‌സിക്കൻ കടൽത്തീരമായ മാൻസാനില്ലോ തുറമുഖത്താണ് യുവതി കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അഞ്ച് വയസ്സുകാരിയായ മകൾക്കൊപ്പം നീന്തവേയാണ് സംഭവം. മെലാക്കിലെ ബീച്ചിൽ നിന്ന് അൽപ്പം അകലെ ശനിയാഴ്ചയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക സിവിൽ ഡിഫൻസ് ഓഫീസ് മേധാവി റാഫേൽ അറൈസ പറഞ്ഞു.
മരിയ ഫെർണാണ്ടസ് മാർട്ടിനെസ് ജിമെനെസ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സ്രാവിന്റെ ആക്രമണമുണ്ടായപ്പോൾ യുവതി അതിസാഹസികമായി കുഞ്ഞിനെ രക്ഷിച്ചു. എന്നാൽ അപ്പോഴേക്കും സ്രാവ് യുവതിയുടെ കാൽ കടിച്ചുകീറിയിരുന്നു. പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിരയായ മരിയയുടെ വീഡിയോ പുറത്തുവന്നു. സ്രാവിന്റെ കടിയേറ്റ മുറിവിൽ നിന്ന് രക്തം നഷ്ടപ്പെട്ടാണ് യുവതി മരിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൊലീസെത്തിയപ്പോൾ സ്രാവിന്റെ ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ട നിലയിലായിരുന്നു യുവതിയെന്ന് അധികൃതർ പറഞ്ഞു. ദുരന്തത്തിന് ശേഷം, പ്രദേശവാസികൾക്കും സന്ദർശകരോടും വെള്ളത്തിലിറങ്ങരുതെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി. നീന്തൽ മത്സരം സംഘാടകർ താൽക്കാലികമായി നിർത്തിവച്ചു. മുൻകരുതലെന്ന നിലയിൽ മെലാക്ക്, ബാര ഡി നാവിഡാഡ് എന്നിവിടങ്ങളിലെ ബീച്ചുകളും അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടി സ്വീകരിച്ചെന്നും ബീച്ചുകളിൽ സുരക്ഷ ഉറപ്പുനൽകുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ പറഞ്ഞു.