ലോകമെമ്പാടുമുള്ള യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും കഷ്ടപ്പെടുന്നവരെ ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.ക്രിസ്മസ് രാവില്‍ നടന്ന പരമ്പരാഗത ശുശ്രൂഷയിലും സായാഹ്നകുര്‍ബാനയിലും ലോക സമാധാനത്തിയാണ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചത്. പ്രായാധിക്യം മൂലം വീല്‍ചെയറിന്റെ സഹായത്തോടെയാണ് മാര്‍പാപ്പ ചടങ്ങുകള്‍ നിര്‍വഹിച്ചത് .
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കുര്‍ബാനയ്ക്കു ശേഷം ലോകസമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ന് രാത്രി, നമ്മുടെ ഹൃദയങ്ങള്‍ ബെത്‌ലഹേമിലാണ്, അവിടെ യുദ്ധത്തിന്റെ വ്യര്‍ത്ഥമായ യുക്തിയാല്‍ സമാധാനത്തിന്റെ രാജകുമാരന്‍ ഒരിക്കല്‍ കൂടി നിരസിക്കപ്പെട്ടിരിക്കുന്നു.യുദ്ധം ഇന്നും ലോകത്ത് ഇടം കണ്ടെത്തുന്നതില്‍ നിന്ന് അവനെ തടയുന്നു എന്ന് ശുശ്രൂഷയര്‍പ്പിക്കവെ മാര്‍പാപ്പ പറഞ്ഞു.ക്രിസ്മസിന്റെ യഥാര്‍ത്ഥ സന്ദേശം സമാധാനവും സ്‌നേഹവുമാണ്.സംഘര്‍ഷങ്ങള്‍ മൂലം ക്രിസ്മസ് ആഘോഷിക്കാന്‍ പലരും ബുദ്ധിമുട്ടുന്ന ഇക്കാലത്ത് ആദ്യത്തെ ക്രിസ്മസ് എല്ലാവരും ഓര്‍മിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു
6500 ലധികം വിശ്വാസികളാണ് പരമ്പരാഗത ശുശ്രൂഷയിലും സായാഹ്ന കുര്‍ബാനയിലും പങ്കെടുത്തത്.ക്രിസ്മസ് ദിനത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ ലോകപ്രശ്‌നങ്ങളില്‍ പ്രസംഗിക്കുകയും അനുഗ്രഹം നല്‍കുകയും ചെയ്യുന്നത് കേള്‍ക്കാന്‍ പതിനായിരക്കണക്കിന് റോമാക്കാരും വിനോദസഞ്ചാരികളും തീര്‍ത്ഥാടകരും സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ തടിച്ചുകൂടാറുണ്ട്. ലാറ്റിന്‍ ഭാഷയില്‍ 'ഉര്‍ബി എറ്റ് ഓര്‍ബി'എന്നറിയപ്പെടുന്ന ഈ പ്രസംഗം ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധം, പീഡനം, പട്ടിണി എന്നിവയുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യത്തിനുള്ള അവസരം കൂടിയായി മാറാറുണ്ട്.